ബംഗളൂരു: ഐ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്സിക്ക് ഒരുഗോള്‍ ജയം. ഐസ്വാള്‍ എഫ്സിക്കെതിരായ ജയത്തോടെ പോയിന്റു പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും ടീമിനായി. മലയാളി താരം സി.കെ. വിനീതാണ് (48) വലകുലുക്കിയത്. ലീഗില്‍ വിനീതിന്റെ നാലാം ഗോളാണിത്. ഒന്‍പത് കളികളില്‍നിന്ന് 21 പോയിന്റോടെ ഒന്നാം സ്ഥാനത്തുള്ള മോഹന്‍ ബഗാനെക്കാള്‍ മൂന്നു പോയിന്റ് മാത്രം പിന്നില്‍.
ഹോംഗ്രൗണ്ടായ ശ്രീകണ് ഠീരവ സ്റ്റേഡിയത്തില്‍ വലിയ മാറ്റങ്ങളോടെയാണ് കോച്ച് ആഷ്ലി വെസ്റ്റ്വുഡ് ബംഗളൂരു ടീമിനെ ഇറക്കിയത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കൊപ്പം അമരീന്ദര്‍ സിംഗും ആദ്യ ഇലവനില്‍ മടങ്ങിയെത്തി. തുടക്കം മുതല്‍ ആതിഥേയര്‍ക്കായിരുന്നു മേല്‍ക്കൈ. എന്നാല്‍ മികച്ച അവസരം ആദ്യം സൃഷ്ടിച്ചത് ഐസ്വാളും. ഏഴാം മിനിറ്റിലായിരുന്നു ഇത്. ആല്‍ബര്‍ട്ടിന്റെ ഷോട്ട് അമരീന്ദര്‍ രക്ഷപ്പെടുത്തുകയായിരുന്നു.