വിപ്ലവകാരിയുടെ ധീരത മാറി: ഉമേഷ് ബാബു

kkd-tpവടകര: പോലീസിന്റെ പിടിയില്‍പെടുമ്പോള്‍ രോഗം നടിക്കുകയും പുറത്തിറങ്ങുമ്പോള്‍ കൊലവിളി നടത്തുകയും ചെയ്യുന്ന രീതിയില്‍ വിപ്ലവകാരിയുടെ ധീരത മാറിയെന്ന് കവിയും ഇടതു ചിന്തകനുമായ കെ.സി. ഉമേഷ്. ഓര്‍ക്കാട്ടേരിയില്‍ ടി.പി. ചന്ദ്രശേഖരന്റെ നാലാം രക്തസാക്ഷിദിനത്തില്‍ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഉമ്മന്‍ചാണ്ടി മാറി പിണറായി വന്നാല്‍ ജനങ്ങള്‍ക്ക് എന്താണ് ഗുണമെന്ന് ഉമേഷ്ബാബു ചോദിച്ചു.  ടി.പി. ചന്ദ്രശേഖരന്റെ വധത്തില്‍ പിണറായി വിജയന്‍ അടക്കമുള്ള സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കേരളത്തിലെ ഏതൊരു മനുഷ്യനും അറിയാം. ടിപി മരിച്ചശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് സിപിഎമ്മിന്റെ രാഷ്ട്രീയ പതനത്തിന്റെ തുടക്കമാകും. അപരന്മാരെ നിര്‍ത്തിയും ബോംബ് രാഷ്ട്രീയം കളിച്ചും തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് കണക്കുകൂട്ടുകയാണ് സിപിഎം.

വടകരയിലെ തെരഞ്ഞടുപ്പ് ഫലം കേരള രാഷ്ട്രീയത്തില്‍ ഭൂകമ്പങ്ങളുണ്ടാക്കുന്നതാവും. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനെകുറിച്ച് മുതലകണ്ണീര്‍ ഒഴുക്കുന്ന സി.കെ. നാണുവിന് നെഞ്ചില്‍ കൈവച്ച് പറയാന്‍ കഴിയുമോ സിപിഎമ്മിന്റെ ഉന്നതനേതൃത്വത്തിന് കൊലപാതകത്തില്‍ പങ്കില്ലെന്ന്-  ഉമേഷ്ബാബു ചോദിച്ചു. എന്‍.വേണു അധ്യക്ഷത വഹിച്ചു. കെ.കെ. രമ, കെ.എസ്.ഹരിഹരന്‍, ടി.എല്‍. സന്തോഷ്, ഇ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Related posts