വീടിനോട് ചേര്‍ന്നുള്ള ഷെഡിന് തീപിടിച്ചു; കോഴികളും പക്ഷികളും ചത്തു

klm-fireകടയ്ക്കല്‍: വീടിനോടുചേര്‍ന്നുള്ള ഷെഡിന് തീപിടിച്ചതിനെ തുടര്‍ന്ന് കോഴികളും പക്ഷികളും ചത്തു. കുമ്മിള്‍ സംബ്രമം സജീന മന്‍സിലില്‍ അബ്ദുള്‍ സലാമിന്റെ വീടിനോടുചേര്‍ന്നുള്ള ഷെഡിനാണ് തീപിടിച്ചത്. തീകെടുത്താന്‍ ശ്രമിക്കുന്നതിനിടെ അബ്ദുള്‍ സലാമി(70)നും സാരമായി പൊള്ളലേറ്റു. ഇയാളെ പിന്നീട് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റബര്‍ പുകപ്പുരയായി ഉപയോഗിച്ചുവന്നിരുന്ന ഷെഡിനാണ് തീപിടിച്ചത്. തീ ആളിക്കത്തിയതിനെ തുടര്‍ന്ന് സമീപത്തെ കൂടുകളില്‍ വളര്‍ത്തിയിരുന്ന കോഴികളും കിളികളുമാണ് ചത്തൊടുങ്ങിയത്. വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് ഏറെനേരം ശ്രമിച്ചെങ്കിലും തീ കെടുത്തുന്നതില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് വിവരം ഫയര്‍ഫോഴ്‌സില്‍ അറിയിച്ചു.അമിതമായ ചൂടുകാരണം ഷെഡിന് സമീപത്തേക്ക് ആര്‍ക്കും എത്താന്‍ കഴിഞ്ഞില്ല. കടയ്ക്കലില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

ഷെഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറും ഭാഗികമായി നശിച്ചു. സ്കൂട്ടറിന്റെ പെട്രോള്‍ ടാങ്കിലേക്ക് തീ പടരുന്നതിനു മുമ്പ് ഫയര്‍ഫോഴ്‌സ് എത്തി തീകെടുത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. ഷെഡില്‍ സൂക്ഷിച്ചിരുന്ന റബര്‍ ഷീറ്റുകളും മറ്റ് സാധനങ്ങളും പൂര്‍ണമായി കത്തി നശിച്ചു.

Related posts