ഇതാ ഒരു സ്‌നേഹഗാഥ. തെലങ്കാനയിലെ വാറംഗലിലാണ് മതമൈത്രിക്കു ഉണര്‍ത്തുപാട്ടേകുന്ന ഈ സംഭവം അരങ്ങേറിയത്. വൃദ്ധസദനത്തില്‍ കഴിയവേ മരിച്ച 70കാരന്റെ ചിതയ്ക്കു തീ കൊളുത്ത് യാക്കൂബ് ബീയെന്ന മുസ്ലീം വനിത മാതൃകയായി. മക്കള്‍ ഉപേക്ഷിച്ച ശ്രീനിവാസനെ അവസാനകാലത്ത് സംരക്ഷിച്ചത് ഈ സ്ത്രീയും ഭര്‍ത്താവുമായിരു്ന്നു.
യാകൂബ് ബീയും ഭര്‍ത്താവും ചേര്‍ന്ന് നടത്തുന്ന വൃദ്ധസദനത്തിലാണ് കുടുംബക്കാര്‍ ഉപേക്ഷിച്ച 70 വയസുകാരന്‍ കെ ശ്രീനിവാസന്‍ ജീവിച്ചതും മരിച്ചതും. തയ്യല്‍ക്കാരനായി ദീര്‍ഘകാലം കുടുംബം പുലര്‍ത്തിയ ശ്രീനിവാസനെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുടുംബം ഉപേക്ഷിച്ചത്. ഭാഗികമായി പക്ഷാഘാതം പിടിപെച്ച വൃദ്ധനെ ബസ് സ്‌റ്റോപ്പില്‍ ഉപേക്ഷിച്ച് മക്കള്‍ കടന്നു കളയുകയായിരുന്നു. ഇവിടെ നിന്നും യാകൂബ് ബി ശ്രീനിവാസനെ കണ്ടെടുക്കുകയും പ്രായമായവര്‍ക്കായി നടത്തുന്ന അഭയകേന്ദ്രത്തില്‍ പാര്‍പ്പിക്കുകയുമായിരുന്നു.
അച്ഛന്‍ മരിച്ച കാര്യം മക്കളെ അറിയിച്ചെങ്കിലും അവര്‍ വരാന്‍ കൂട്ടാക്കിയില്ല. ദഹിപ്പിക്കാന്‍ വേണ്ടി ചിതയിലേക്കെടുത്തപ്പോള്‍ ആരു ചിതയ്ക്കു തീകൊളുത്തുമെന്ന സന്ദേഹമായി. യാക്കൂബ് ബീയുടെ ഭര്‍ത്താവ് സ്ഥലത്തും ഇല്ലായിരുന്നു. ഒടുവില്‍ മകന്റെ സ്ഥാനത്തുനിന്ന് ചിതയ്ക്കു തീകൊളുത്താന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.
ചിതക്ക് ചുറ്റും മണ്‍കലവുമായി വലംവെച്ച് ഹിന്ദു മതാചാര പ്രകാരമുള്ള കര്‍മ്മങ്ങളെല്ലാം ചെയ്ത് യാകൂബ് ബീ ശ്രീനിവാസന് വിടചൊല്ലി. സ്വന്തം മക്കള്‍ക്കുപോലും വേണ്ടാതായിട്ടും ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ തകര്‍ത്ത യാക്കൂബ് ബീയുടെ പ്രവര്‍ത്തികളെ ഏവരും പ്രശംസിക്കുകയാണ്.