പാലക്കാട്: അധ്യാപികയുടെ വീട് കുത്തിത്തുറന്ന് 26 പവന്‍ സ്വര്‍ണ്ണാഭരണവും 4000 രൂപയും കവര്‍ന്ന കേസില്‍ ഒന്നാം പ്രതി തിരുനെല്‍വേലി തെങ്കാശി സൗത്തില്‍ പനവടലി ചത്രത്തില്‍ തങ്കമുത്തുവിന് അഞ്ച് വര്‍ഷം കഠിനതടവിനും 4000 രൂപ പിഴ അടയ്ക്കുവാനും പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസട്രേറ്റ് -മൂന്ന് സൂഹൈബ് .എം ശിക്ഷ വിധിച്ചു. കേസില്‍ ഉള്‍പ്പെട്ട രണ്ടാം പ്രതി പ്രേംകുമാര്‍ വിചാരണ സമയം ഒളിവില്‍ പോയതിനാല്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പ്രത്യേക കേസ് നടത്തുവാന്‍ ഉത്തരവിട്ടു. മൂന്നാം പ്രതി തിരുനല്‍വേലി ശങ്കരന്‍കോവിലിലെ ജ്വല്ലറി ഉടമയായ ഭരത് എന്ന യശ്വന്തിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.
20014 മാര്‍ച്ച് 26 പകല്‍ 11 മണിക്കും 3 മണിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുതുപ്പരിയാരം ലോവര്‍ പ്രൈമറി സ്കൂള്‍ അധ്യാപികയായ ശോഭനയുടെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ മേലേ മുരളിയില്‍ പൂട്ടി കിടന്ന വീടിന്റെ വാതില്‍ കുത്തി തുറന്ന് 26 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 4000 രൂപയും ആഭരണങ്ങള്‍ സൂക്ഷിച്ച ബാഗും തെരഞ്ഞെടുപ്പ് ഐ ഡി കാര്‍ഡുമാണ് മോഷണം പോയത്. വീട് കുത്തി തുറക്കാന്‍ ഉപയോഗിച്ച ആയുധങ്ങളില്‍ നിന്നും ലഭിച്ച വിരലടയളങ്ങള്‍ പരിശോധിച്ച് വിരലടയള ബ്യൂറോ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ സമയം വിയ്യൂര്‍ ജയിലിലായിരുന്നു ഒന്നും രണ്ടും പ്രതികള്‍. മോഷണം പോയ ബാഗും തിരച്ചറിയല്‍ കാര്‍ഡും ഒന്നാം പ്രതി തങ്കമുത്തുവിന്റെ മൊഴി പ്രകാരം തിരുനല്‍വേലിയിലുള്ള വീട്ടില്‍ നിന്നും പിടിച്ചെടുത്തു.
ഒരു സ്വര്‍ണ്ണമാലയും ബ്രേസ് ലെറ്റും, രണ്ടാം പ്രതി പ്രേംകുമാറിന്റെ കൊടകരയില്‍ താമസിക്കുന്ന അമ്മയുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു. മൂന്നാം പ്രതിക്ക് നല്കിയിരുന്ന ആഭരണങ്ങള്‍ വിറ്റ് പോയതിനാല്‍ വീണ്ടെടുക്കുവാന്‍ കഴിഞ്ഞില്ല. വീടിന് പുറകിലെ വര്‍ക്ക് ഏരിയയില്‍ വെ ച്ചിരുന്ന തേങ്ങ പൊളിക്കുന്ന ലിവറും, മടവാളും ഉപയോഗിച്ചാണ് പ്രതികള്‍ വാതിലുകള്‍ കുത്തിതുറന്നത്. ഹേമാംബിക നഗര്‍ പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷിന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി പ്രേംനാഥ് ഹാജരായി.