വെള്ളം ഒഴുകാന്‍ ഓടകളില്ല, ചന്ദനപ്പള്ളി റോഡ് തകരുന്നു; നാട്ടുകാര്‍ ഒത്തുചേര്‍ന്ന് ഓട നിര്‍മിച്ചു

alp-odaകോന്നി: ഉന്നതനിലവാരത്തില്‍ പണികള്‍ പൂര്‍ത്തീകരിച്ച കോന്നി – ചന്ദനപ്പള്ളി റോഡ് തകരുന്നു. വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതു കാരണം റോഡില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടുകളാണ് തകര്‍ച്ച വേഗത്തിലാക്കുന്നത്. വെള്ളം കെട്ടിക്കിടന്നും റോഡിലൂടെ ഒഴുകിയും പല ഭാഗങ്ങളിലും കുഴികള്‍ രൂപപ്പെട്ടു കഴിഞ്ഞു. കോന്നി ആനക്കൂട് മുതല്‍ മിനി സിവില്‍ സ്‌റ്റേഷന്‍ വരെയും പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം ഭാഗത്തും ഇളകൊള്ളൂര്‍ – മരങ്ങാട് പാലത്തിനു സമീപവും റോഡ് പൊളിഞ്ഞു തുടങ്ങി. വെള്ളം കെട്ടിക്കിടക്കുന്നതു കാരണം മരങ്ങാട്, ഇളകൊള്ളൂര്‍ ഒന്നാംപാലം വളവില്‍ റോഡില്‍ കുഴികളും രൂപപ്പെട്ടു.

താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ നൂറുമീറ്ററോളം റോഡ് പൊളിഞ്ഞു തുടങ്ങി. വനം റേഞ്ച് ഓഫീസിനു മുന്‍ ഭാഗത്ത് റോഡ് താഴ്ന്നു തുടങ്ങി. പൊന്തനാംകുഴി മലയില്‍ നിന്നൊഴുകിയെത്തുന്ന വെള്ളം സമീപത്തെ തോട്ടിലൂടെയാണ് ഒഴുകിപ്പോകേണ്ടത്. എന്നാല്‍ ഇതേഭാഗത്ത് ഉണ്ടായിരുന്ന ഓട പൂര്‍ണമായി അടഞ്ഞതോടെ വെള്ളമൊഴുക്കും നിലച്ചു. വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. വനം റേഞ്ച് ഓഫീസ് പരിസരത്തുനിന്ന് മഴക്കാലത്ത് രൂപപ്പെട്ട് ഒഴുകുന്ന നീരുറവയും റോഡിലേക്കാണ് എത്തുന്നത്. റോഡ് പണിക്കൊപ്പം ഓടകളും ഉന്നതനിലവാരത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഓടകളുടെ പണികള്‍ പൂര്‍ത്തീകരിക്കാതെ വന്നതാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതെന്നു പറയുന്നു. റോഡ് പണി ദീര്‍ഘകാല കരാറടിസ്ഥാനത്തിലാണ് പൂര്‍ത്തീകരിച്ചത്. താലൂക്ക് ആശുപത്രി ഭാഗത്ത് റോഡിനു കുറുകെയുള്ള ഓടകള്‍ അടഞ്ഞുകിടക്കുന്നത് വൃത്തിയാക്കിയിട്ടില്ല. ആനക്കൂടിനു മുന്‍ഭാഗത്തും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്.

ഇന്‍ഡോര്‍ സ്‌റ്റേഡിയം ജംഗ്്ഷനില്‍ തുടര്‍ച്ചയായ മഴയില്‍ റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. അശാസ്ത്രീയ നിര്‍മാണവും ഓടകള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. റോഡിലൂടെയുള്ള വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രദേശവാസികള്‍ സംഘടിച്ചാണ് ഓട പുനര്‍നിര്‍മിച്ചത്. റോഡിന്റെ വശങ്ങള്‍ നിറയെ കാടു വളര്‍ന്ന് നിന്നിരുന്നതും നാട്ടുകാര്‍ വെട്ടിത്തെളിച്ചിരുന്നു.

Related posts