വ്യാജ സിദ്ധന്‍ നയിച്ചതു നിഗൂഢജീവിതം! ഇരകളില്‍ കൂടുതലും ഭര്‍ത്താക്കന്‍മാര്‍ നാട്ടിലില്ലാത്ത സ്ത്രീകള്‍; കുറ്റിക്കാട്ടില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച വ്യാജ സിദ്ധനെതിരേ ബലാത്സംഗത്തിനും കേസ്

siddanവളപട്ടണം: അഴീക്കല്‍ ലൈറ്റ് ഹൗസിനു സമീപം കുറ്റിക്കാട്ടില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ വ്യാജസിദ്ധന്‍ വലിയന്നൂരിലെ പുറത്തില്‍ പള്ളിക്കുസമീപത്തെ കുന്നത്ത് കുരുണ്ടകത്ത് ലത്തീഫി (46) നെതിരേ ബലാത്സംഗത്തിനും വളപട്ടണം പോലീസ് കേസെടുത്തു. സിദ്ധന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കക്കാട്ടെ മുപ്പതുകാരിയുടെ പരാതിയിലാണു കേസ്്. ഈ യുവതിക്കുണ്ടായ കുഞ്ഞിനെയാണു സിദ്ധന്‍ കാട്ടില്‍ ഉപേക്ഷിച്ചത്. വശീകരിച്ചു ലൈംഗീകമായി പീഡിപ്പിച്ചതിന് ഐപിസി 376-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ഒരു പവന്‍ സ്വര്‍ണ മോതിരവും 1,30,000 രൂപയും കൈക്കലാക്കിയെന്നും ഇയാള്‍ക്കെതിരേ പരാതിയുണ്ട്.

ചോരക്കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ചതിന് വധശ്രമത്തിനു നേരത്തെ കേസെടുത്തിരുന്നു. ഇളംപ്രായത്തിലുള്ള കുഞ്ഞിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കാട്ടില്‍ ഉപേക്ഷിച്ചതിനാണ് കേസ്. കഴിഞ്ഞ 13നാണ് രണ്ടുദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ സിദ്ധന്‍ കാട്ടിലുപേക്ഷിച്ചത്. നാട്ടുകാര്‍ കുഞ്ഞിനെ കണ്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒരാഴ്ച നീണ്ട തെരച്ചിലിനൊടുവിലാണു കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തിയതും സിദ്ധനെ പിടികൂടിയതും. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ സിദ്ധനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

പുറത്തീല്‍ തങ്ങള്‍ എന്ന പേരിലറിയപ്പെടുന്ന വ്യാജ സിദ്ധന്‍ നിഗൂഢജീവിതമാണ് നയിച്ചിരുന്നതെന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. വലിയന്നൂര്‍ പുറത്തീല്‍ ദര്‍ഗ പള്ളിക്കു സമീപമായിരുന്നു ഇയാളുടെ കേന്ദ്രം. മൂന്നുവര്‍ഷം മുമ്പുവരെ മോതിരക്കല്ല് വില്പനയായിരുന്നു ജോലി. മാസം വെറും രണ്ടായിരം രൂപയില്‍ താഴെയായിരുന്നു വരുമാനം. കിട്ടാവുന്നവരോടൊക്കെ കടം വാങ്ങിയായിരുന്നു അക്കാലത്തെ ജീവിതം.

പ്രകൃതി ചികിത്സയും മന്ത്രവാദവുമായി പിന്നീട് കളം മാറ്റിച്ചവിട്ടി. തുടക്കത്തില്‍ കാര്യമായ നേട്ടമൊന്നുമുണ്ടായില്ല. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ അമാനുഷിക കഴിവുള്ള സിദ്ധനായി ഇയാള്‍ നാട്ടില്‍ അറിയപ്പെട്ടു. ശീതീകരിച്ച ഇരുനില വീട്, നാല് ആഢംബര കാറുകള്‍, സഹായികള്‍ തുടങ്ങിയവയായി വളര്‍ച്ച പെട്ടെന്നായിരുന്നു. ഏതു രോഗത്തിനും തന്റെ കൈവശം ഒറ്റമൂലിയുണ്ടെന്നും അസുഖം വേഗത്തില്‍ ഭേദമാക്കുമെന്നുമായിരുന്നു ഇയാളുടെ അവകാശവാദം. അസ്മാസ് എന്നാണ് തന്റെ ചികിത്സാരീതിക്ക് ഇയാള്‍ പേരിട്ടത്.

വെളിച്ചെണ്ണ, പഞ്ചസാര, ചില പച്ചമരുന്നുകള്‍ എന്നിവയായിരുന്നു മരുന്നിന്റെ ചേരുവകള്‍. ഉഴിയല്‍, പ്രത്യേക രീതിയില്‍ തലോടല്‍ എന്നിവയും ചികിത്സാരീതികളില്‍പ്പെട്ടിരുന്നു. സ്ത്രീകളായിരുന്നു കൂടുതലായും ഇയാളുടെ പക്കല്‍ ചികിത്സ തേടിയെത്തിയിരുന്നത്. ഭര്‍ത്താക്കന്‍മാര്‍ നാട്ടിലില്ലാത്ത സ്ത്രീകളുടെ വീടുകളിലെത്തുന്ന സിദ്ധന്‍, ആരും കാണാന്‍ പാടില്ലെന്നു പറഞ്ഞ് കിടപ്പുമുറിയില്‍ വച്ചായിരുന്നു ചികിത്സ നല്‍കിയിരുന്നത്.

സ്വര്‍ണം ഇരട്ടിപ്പുവിദ്യ അറിയാമെന്നു പറഞ്ഞ് സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുന്ന പരിപാടിയും ഇയാള്‍ക്കുണ്ടായിരുന്നതായി പോലീസ് പറയുന്നു. 30 ദിവസത്തിനുള്ളില്‍ സ്വര്‍ണം ഇരട്ടിപ്പിച്ചുതരാമെന്നു പറഞ്ഞായിരുന്നു ആഭരണങ്ങള്‍ വാങ്ങിയിരുന്നത്. പിന്നീടിതു തിരിച്ചു കൊടുത്തിരുന്നില്ല. സ്വര്‍ണം നഷ്ടപ്പെട്ടവര്‍ മാനക്കേട് ഓര്‍ത്ത് പുറത്തുപറയാറില്ലായിരുന്നു. അമൂല്യങ്ങളായ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടെന്നും തന്റെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ കുടുംബം നശിപ്പിക്കുമെന്നും ഇയാള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ചില രാഷ്ട്രീയ നേതാക്കളും വ്യവസായികളും ശത്രുദോഷ പരിഹാരത്തിനായും ഇയാളെ സമീപിച്ചിരുന്നു. മദ്യസത്ക്കാരങ്ങളില്‍ തത്പരനായ ഇയാള്‍ക്ക് നാലാംക്ലാസ് മാത്രമാണു വിദ്യാഭ്യാസമെന്നും പോലീസ് പറഞ്ഞു.

Related posts