പത്തനംതിട്ട: ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
പ്രതിപക്ഷത്തെ ഷണ്ഡന്മാരെന്ന് അധിക്ഷേപിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും അഭിപ്രായപ്പെട്ടു. യുവതി പ്രവേശന കാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള് പിന്വലിക്കണമെന്നത് ന്യായമായ ആവശ്യമാണെന്നും അദേഹം വ്യക്തമാക്കി.
അതേസമയം, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്ക്കാര് സുപ്രീംകോടതി നൽകിയ സത്യവാംഗ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ട ആവശ്യമില്ലെന്നും തിരുത്തിയ രീതിയിലാണ് സർക്കാരിന്റെ സമീപനമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങള്ക്കെതിരായ കേസുകൾ പിൻവലിച്ചാൽ അതിന്റെ നേട്ടം സർക്കാരിനുണ്ടാകുമെന്നും അദേഹം അഭിപ്രായപ്പെട്ടു.
പിണറായി വിജയൻ ഭക്തനാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി പിണറായിയുടെ മനസിൽ ഭക്തിയുണ്ടെന്നും അതുകൊണ്ടാണ് വേദിയിൽ അയ്യപ്പ വിഗ്രഹം സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.