ചമ്പക്കുളം: കൈനകരി പമ്പയാറ്റില് നടന്ന ചാന്പ്യൻസ് ബോട്ട് ലീഗിന്റെ അഞ്ചാം പതിപ്പിന്റെ ആദ്യ പോരാട്ടത്തില് ആവേശം വാനോളം ഉയര്ത്തിയ ഫൈനല് മത്സരത്തിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന് ഒന്നാം സ്ഥാനം കരസ്ഥമാക്കി, സെന്റ് ചാവറ എവര് റോളിംഗ് ട്രോഫിയില് മുത്തമിട്ടു.
മൂന്ന് മിനിറ്റ് 33 സെക്കന്ഡ് 34 മൈക്രോ സെക്കന്ഡില് ഫിനിഷ് ചെയ്താണ് വീയപുരം ജേതാക്കളായത്. മൂന്ന് മിനിറ്റും 33 സെക്കന്ഡും 62 മൈക്രോ സെക്കന്ഡും എടുത്ത് ഫിനിഷ് ചെയ്ത പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്പ്പാടം ചുണ്ടന് രണ്ടാം സ്ഥാനവും മൂന്ന് മിനിറ്റും 41 സെക്കന്ഡ് 68 മൈക്രോ സെക്കന്ഡും എടുത്ത് ഫിനിഷ് ചെയ്ത നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന് മൂന്നാം സ്ഥാനവും നേടി.
വീയപുരത്തിന്റെ വീറ്
അത്യന്തം വാശിയേറിയ പ്രാഥമിക മത്സരങ്ങളില് മൂന്നാം ഹീറ്റ്സില് മാറ്റുരച്ച മൂന്നു വള്ളങ്ങള് തന്നെയാണ് ഫൈനലിലും മത്സരിച്ചത്. മൂന്നാം ഹീറ്റ്സിന്റെ തനിയാവര്ത്തനമായിരുന്നു ഫൈനല് മത്സരങ്ങള്. കഴിഞ്ഞ നാലു സിബിഎല് സീസണുകളിലും ചാമ്പ്യന്മാരായിരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബിനെ ഈ വര്ഷത്തെ പുന്നമടക്കായലിലെ നെഹ്റു ട്രോഫിയിലും വിബിസി പിന്നിലാക്കിയിരുന്നു. 2024ലെ നെഹ്റു ട്രോഫിയില് സമയത്തിന്റെ കണക്കില് സാങ്കേതികമായി പള്ളാത്തുരുത്തിയോടു പരാജയം ഏറ്റുവാങ്ങേണ്ടിവന്ന കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ മറ്റൊരു നേട്ടമായി കൈനകരിയിലെ വിജയം. ചാമ്പ്യന്സ് ബോട്ട് ലീഗിന്റെ കഴിഞ്ഞ നാലു സീസണുകളിലും അജയ്യരായി മുന്നേറിയ പള്ളാത്തുരുത്തിക്കു കനത്ത തിരിച്ചടി.
കേരള വിനോദസഞ്ചാര വകുപ്പിന്റെ മേല്നോട്ടത്തില് സംഘടിപ്പിക്കുന്ന ചാമ്പ്യന്സ് ബോട്ട് ലീഗിന്റെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടന മത്സരമാണ് കൈനകരി പമ്പയാറ്റില് നടന്നത്. മന്ത്രി മുഹമ്മദ് റിയാസ് ഓണ്ലൈനായി ഉദ്ഘാടനം ചെയ്ത വള്ളംകളിയില് വിജയികള്ക്കുള്ള സമ്മാന വിതരണം കൃഷിമന്ത്രി പി. പ്രസാദ് നിര്വഹിച്ചു.
സമ്മാന നിറവിൽ വീയപുരം
ഫസ്റ്റ് ലൂസേഴ്സ് ഫൈനലില് ഏറ്റുമുട്ടിയ ചമ്പക്കുളം, ചെറുതന, കാരിച്ചാല് എന്നിവയില് ചെറുതന, കാരിച്ചാല്, ചമ്പക്കുളം എന്നിവ യഥാക്രമം ഏഴ് എട്ട് ഒന്പത് സ്ഥാനങ്ങളിലെത്തി. ലൂസേഴ്സ് ഫൈനലില് മത്സരിച്ച പായിപ്പാട്, നടുവിലേപ്പറമ്പന് എന്നിവയെ പിന്നിലാക്കി നടുഭാഗം നാലാം സ്ഥാനത്ത് എത്തിപ്പോള് നടുവിലേപ്പറമ്പന്, പായിപ്പാട് എന്നിവ അഞ്ചും ആറും സ്ഥാനങ്ങളിലെത്തി. വീയപുരം ചുണ്ടൻ ഒന്നാം തുഴക്കാരനും ഒന്നാം പങ്കായക്കാരനും മികച്ച തുഴച്ചില്ക്കാരനും അമരക്കാരനുമുള്ള ട്രോഫികളും കരസ്ഥമാക്കി.
മികച്ച സംഘാടനം
ചുണ്ടന്വള്ളങ്ങളുടെ മത്സരങ്ങള് സമയക്രമം പാലിച്ചു പൂര്ത്തിയാക്കാന് സാധിച്ചതിലുള്ള സംഘാടകമികവിന് അഭിനന്ദനം. ഒരാഴ്ചയില് കുറഞ്ഞ സമയം മാത്രമേ കൈനകരിയില് വള്ളംകളി സംഘടിപ്പിക്കുന്നതിനു ലഭിച്ചുള്ളൂ. എങ്കിലും സംഘാടക മികവുകൊണ്ടും കാണികളുടെ പങ്കാളിത്തംകൊണ്ടും വള്ളംകളി വൻ വിജയമായി മാറി.
മത്സര ഇടവേളയില് ജലകായിക പ്രകടനങ്ങളും സിബിഎല് ട്രോഫി പ്രദര്ശനത്തോടൊപ്പം ചെണ്ടമേളവും അരങ്ങേറി. ഉച്ചയ്ക്കു രണ്ടിനു കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് പതാക ഉയര്ത്തിയതോടെ സിബിഎല് മത്സരങ്ങള്ക്ക് ആരംഭംകുറിച്ചു. ടൂറിസം അഡീഷണല് ഡയറക്ടര് (ജനറല്) ശ്രീധന്യ സുരേഷ് ഐഎഎസ് സ്വാഗതം ആശംസിച്ച യോഗത്തില് സി.കെ. സദാശിവന് എക്സ് എംഎല്എ അധ്യക്ഷത വഹിച്ചു. വിജയികള്ക്കുള്ള സമ്മാനങ്ങള് കൃഷിമന്ത്രി പി. പ്രസാദ് വിതരണം ചെയ്തു.