ശാന്തി റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെതിരേ ശ്രീനാരായണ വൈദിക സമിതി

alp-poojaചേര്‍ത്തല: ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പാര്‍ടൈം ശാന്തി നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുകയും ദേവസ്വം ബോര്‍ഡ് മുന്‍ കാലങ്ങളില്‍ അംഗീകരിച്ച് വരുന്ന അവര്‍ണരായ തന്ത്രിമാരുടെ പേരിന് അയിത്തം കല്പിക്കുകയും ചെയ്ത റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ നടപടിക്രമങ്ങള്‍ക്ക് എതിരെ എസ്എന്‍ഡിപി യോഗം ശ്രീനാരായണ വൈദിക സമിതി ചേര്‍ത്തല യൂണിയന്‍ പ്രതിഷേധിച്ചു. ബോര്‍ഡിനെതിരെ പ്രമേയവും പാസാക്കി.

സവര്‍ണ മേധാവിത്വം തിരിച്ചു കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നു സമിതി ആവശ്യപ്പെട്ടു. സനാതന ധര്‍മത്തിന്റെ അന്തസിനു ചേരാത്ത അയിത്തം അടിച്ചേല്‍പ്പിക്കുന്നതു മുന്‍കാലങ്ങളില്‍ ഹൈന്ദവ സമൂഹം അനുഭവിച്ച യാതനകളെ തിരിച്ചുകൊണ്ട് വരുന്നതിനു തുല്യമാകും. ഭൂരിപക്ഷം വരുന്ന പിന്നാക്ക സമുദായങ്ങള്‍ക്കു ക്ഷേത്രദര്‍ശനം നിഷേധിച്ച ഇരുണ്ട യുഗത്തിലേയ്ക്കുള്ള തിരിച്ചു പോക്കായി മാത്രമേ ഇതിനെ കാണാനാകൂ. തീരുമാനം തിരുത്താന്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും നിയമപരമായി നേരിടാനും യോഗം തീരുമാനിച്ചു.

കേന്ദ്രസമിതി കണ്‍വീനര്‍ ഇ.കെ. ലാലന്‍ ശാന്തി അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജോയിന്റ് കണ്‍വീനര്‍ രഞ്ജിത് ശാന്തി പ്രമേയം അവതരിപ്പിച്ചു. തന്ത്രിമാരായ വി.പി. കുമാരന്‍, ജയതുളസീധരന്‍, ജിതിന്‍ ഗോപാല്‍, യൂണിയന്‍ വൈസ് ചെയര്‍മാന്‍ എ.ടി ജയന്‍ ശാന്തി, സെല്‍വന്‍ ശാന്തി എന്നിവര്‍ പ്രസംഗിച്ചു.

Related posts