കൊടുമൺ: ജില്ലാ കായികമേളയില് മത്സരാര്ഥികള്ക്ക് വൈദ്യസഹായം നല്കുന്നതിന് വേണ്ടി തയാറാക്കി നിര്ത്തിയിരുന്ന മെഡിക്കല് ടീം നേരത്തേ സ്ഥലം വിട്ടുവെന്ന് പരാതി.ഉച്ചകഴിഞ്ഞ് മഴ പെയ്തുവെങ്കിലും ഇതു വകവയ്ക്കാതെ ഇഎംഎസ് സ്റ്റേഡിയത്തില് മത്സരം തുടരുകയായിരുന്നു.
മഴ നനഞ്ഞാണ് കുട്ടികള് മത്സരങ്ങളില് പങ്കെടുത്തത്. തുടർന്ന് ചില കുട്ടികള്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അവശനിലയിലായ മുട്ടത്തുകോണം എസ്എന്ഡിപിഎച്ച്എസ്എസിലെ കുട്ടിയെ വൈദ്യസഹായത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു.
വൈകുന്നേരം 5.30ഓടെയാണ് ഇന്നലത്തെ മത്സരങ്ങള് സമാപിച്ചത്. ഇതിന് വളരെ മുന്പ് തന്നെ മെഡിക്കല് സംഘം സ്ഥലം വിട്ടുവെന്നാണ് പരാതി.
മഴ നനഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളുമായി അധ്യാപകര് മെഡിക്കല് റൂമിലെത്തിയപ്പോഴാണ് അവിടെ ആരുമില്ലെന്ന് മനസിലായത്. തുടര്ന്ന് അധ്യാപകര് സ്വന്തം കാറില് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.