ഷുക്കൂര്‍ വധക്കേസ്: സിപിഎം പ്രതിരോധത്തില്‍

klm-CRIMEകണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും കല്യാശേരിയിലെ ഇടതു സ്ഥാനാര്‍ഥി ടി.വി. രാജേഷ് എംഎല്‍എയുമടക്കം 33 പേര്‍ പ്രതികളായ അരിയില്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷണം സിബിഐ ഏറ്റെടുത്ത് ഹൈക്കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചതു നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. പി. ജയരാജന്‍ 32-ാം പ്രതിയും ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പി ജോസ് മോഹന്‍ ആണ് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്നത്.

മനോജ് വധക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പി. ജയരാജനു നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്നതോടെ പി. ജയരാജനേയും രാജേഷിനേയും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് വേളയില്‍ ഇത്തരം നീക്കങ്ങളുണ്ടായാല്‍ അത് ഇടതുമുന്നണിക്ക് കനത്തദോഷം ചെയ്യും.
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കിയാണു നിലവില്‍തന്നെ യുഡിഎഫും ബിജെപിയും പ്രചാരണം കൊഴുപ്പിക്കുന്നത്. പുതിയ സംഭവവികാസങ്ങള്‍ അവരുടെ ആരോപണങ്ങള്‍ക്കു മൂര്‍ച്ച കൂട്ടും.

തെരഞ്ഞെടുപ്പ് സമയത്തുള്ള സിബിഐയുടെ നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നു സിപിഎം ആരോപിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം വോട്ടര്‍മാര്‍ക്കു നല്‍കേണ്ടിവരും. 2012 ഫെബ്രുവരി 20ന് പട്ടാപ്പകലാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി. ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരേ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ അരിയിലില്‍ അക്രമം നടത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു കൊലപാതകം. സിപിഎം നേതാക്കളുടെ നിര്‍ദേശാനുസരണം ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണു ജയരാജനും രാജേഷിനുമടക്കമുള്ളവര്‍ക്കെതിരേ കേസെടുത്തത്.

Related posts