തിരുവല്ല: ആളൊഴിഞ്ഞ വീട്ടിൽ യുവാക്കൾ അടങ്ങുന്ന സംഘം നടത്തുന്ന പരസ്യ മദ്യപാനവും അസഭ്യവും സഹിക്കവയ്യാതെ പോലീസിനെ വിവരം അറിയിച്ചതിന്റെ പേരിൽ ഗൃഹനാഥനും കുടുംബത്തിനും നേരേ വധഭീഷണി. കടപ്ര പതിനാലാം വാർഡിൽ എസ്എസ് വില്ലയിൽ വിദേശ മലയാളിയായ ഫിലിപ്പ് ജോർജിനും (ഷിബു) കുടുംബത്തിനും നേരേയാണ് യുവസംഘം വധഭീഷണി മുഴക്കിയതായി പരാതി ഉയരുന്നത്.
സംഭവം സംബന്ധിച്ച് ഫിലിപ്പ് പുളിക്കീഴ് പോലീസിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് പരാതിക്കു കാരണമായ സംഭവം. രാവിലെ 11 ഓടെ പ്രദേശവാസികൾ അടക്കം ഉൾപ്പെടുന്ന പത്തോളം പേരടങ്ങുന്ന സംഘം ഫിലിപ്പ് ജോർജിന്റെ വീടിന്റെ എതിർവശത്ത് താമസമില്ലാതെ കിടക്കുന്ന വീട്ടുവളപ്പിൽ മണിക്കൂറുകളോളം മദ്യപിക്കുകയും പരസ്പരം അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്തു.
ഇത് സഹിക്കവയ്യാതെ വന്നതോടെ ഫിലിപ്പ് പുളിക്കീഴ് പോലീസിൽ വിവരം അറിയിച്ചു. 10 മിനിറ്റുകൾക്കകം പോലീസ് സ്ഥലത്തെത്തി. പോലീസ് ജീപ്പ് വരുന്നതുകണ്ട് സംഘം ചിതറി ഓടി. മദ്യപിച്ച് അവശനിലയിൽ ആയിരുന്ന മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് കോൺഗ്രസ് പ്രാദേശിക നേതാവിന്റെ ഇടപെടലിനെത്തുടർന്ന് മൂവരെയും ജാമ്യത്തിൽ വിട്ടയച്ചു. ഇതിന് പിന്നാലെയാണ് 12 മണിയോടെ നാലാംഗ സംഘം ഫിലിപ്പിന്റെ വീട്ടിലെത്തി വധഭീഷണി മുഴക്കിയത്.
വീടിന്റെ ഗേറ്റ് തള്ളി തുറക്കാൻ ശ്രമിച്ചപ്പോൾ വളർത്തുനായ ഇവർക്ക് നേരേ കുരച്ചുചാടി. ഇതോടെ സംഘത്തിൽ ഒരാൾ നായയെ വടി ഉപയോഗിച്ച് ആക്രമിച്ചു. നായയുടെ കുരകേട്ട് ഫിലിപ്പിന്റെ ഭാര്യ സൂസൻ പുറത്തേക്ക് ഇറങ്ങി വന്നു. ഇതോടെ സംഘം ഇവരെ അസഭ്യം പറയുകയും ഫിലിപ്പിനെ അടക്കം വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ആയിരുന്നു എന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
സംഭവ സമയം ഫിലിപ്പ് ജോർജ് വീട്ടിൽ ഉണ്ടായിരുന്നില്ല. മൊബൈൽ ഫോണിൽ സൂസൻ ഭർത്താവിനെയും പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചു.പോലീസിൽ വിവരം അറിയിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സംഘം വീടിന്റെ ഗേറ്റിനു മുമ്പിൽ നിന്നും മാറി കൊലവിളി തുടർന്നു.
ഇതിനിടെ സൂസൻ യുവാക്കൾ വധഭീഷണി മുഴക്കുന്ന ശബ്ദം മൊബൈൽ ഫോണിൽ റിക്കോർഡ് ചെയ്തു. പോലീസ് സംഘം സ്ഥലത്ത് എത്തുമ്പോൾ ഫിലിപ്പ് ജോർജിന്റെ ഉടമസ്ഥതയിലുള്ള എസ്എസ് റസിഡൻസി എന്ന ഹോംസ്റ്റേ സ്ഥാപനത്തിന് നേരേ യുവാക്കൾ പടക്കം എറിയുകയായിരുന്നു. പടക്കങ്ങൾ പിടിച്ചെടുത്ത പോലീസ് നാലംഗ സംഘത്തെ സ്ഥലത്തുനിന്നു തുരത്തിയ ശേഷം മടങ്ങുകയായിരുന്നുവെന്ന് ഫിലിപ്പ് പറഞ്ഞു.