സിവില്‍ സപ്ലൈസ് മന്ത്രിയുടെ ഉറപ്പ് പാഴായി: റേഷന്‍ കടകളില്‍ ഈ മാസവുമെത്തിയത് പുഞ്ചയരി മാത്രം

alp-thilothamanministerവി.എസ്. രതീഷ്

ആലപ്പുഴ:  റേഷന്‍ കടകള്‍ക്ക് വിതരണത്തിനായി 50 ശതമാനം പുഞ്ചയരിയും പച്ചരി, പുഴുക്കലരി എന്നിവ 50 ശതമാനവും ലഭ്യമാക്കുമെന്ന സിവില്‍ സപ്ലൈസ് മന്ത്രിയുടെ ഉറപ്പ് പാഴായി. ഈ മാസവും റേഷന്‍ കടകള്‍ക്ക് ഡിപ്പോകളില്‍ നിന്ന് വിതരണത്തിന് ലഭിച്ചത് പുഞ്ചയരി മാത്രമാണ്. കഴിഞ്ഞമാസവും പുഞ്ചയരിയായിരുന്നു റേഷന്‍ കടകളിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.  കഴിഞ്ഞ ജൂലൈ ഏഴിന് ആലപ്പുഴ എഫ്‌സിഐ ഗോഡൗണ്‍ സന്ദര്‍ശിച്ചശേഷമാണ് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ 50 ശതമാനം നിരക്കില്‍ പുഞ്ചയരിയും പച്ചരി, പുഴുക്കലരിയും റേഷന്‍കടകളില്‍ ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞത്.

ഓഗസ്റ്റില്‍ റേഷന്‍ കടകള്‍ക്ക് ഇവ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഈ മാസത്തേക്കുള്ള അഡ്വാന്‍സ് വിഹിതവും പുഞ്ചയരിയാണ് ഡിപ്പോകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.   സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ റേഷന്‍ കടകളിലാണ് പച്ചരിക്കും പുഴുക്കലരിക്കുമൊപ്പം പുഞ്ചയരി കൂടി വിതരണം ചെയ്യുന്നത്. മറ്റ് ഏഴു ജില്ലകളിലെ റേഷന്‍ ഷോപ്പുകളില്‍ പച്ചരിയും പുഴുക്കലരിയുമാണ് നല്കുന്നത്. സാധാരണ റേഷന്‍ ഷോപ്പിലേക്ക് ആവശ്യമായ അരിയുടെ 40 ശതമാനത്തോളം പച്ചരിയും പുഴുക്കലരിയുമായി മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്നു. ഇത് ഉപഭോക്താക്കള്‍ക്കുമേറെ പ്രയോജനകരമായിരുന്നു.

എന്നാല്‍ രണ്ടുമാസമായി റേഷന്‍ കടകളിലൂടെ പുഞ്ചയരിമാത്രം ലഭ്യമായതോടെ കാര്‍ഡ് ഉടമകളില്‍ പലരും അരി വാങ്ങാത്ത  അവസ്ഥയാണ്. ഓണം അടുത്തുവരുന്ന സമയത്ത് പച്ചരിയും പുഴുക്കലരിയും ലഭ്യമാകാത്തത് പൊതുവിപണിയില്‍ ഇവയ്ക്ക് വിലവര്‍ധനവിനിടയാക്കുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്.   റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനെത്തുന്ന ഉപഭോക്താക്കളുമായി കടയുടമകള്‍ക്ക് അരിയുടെ പേരില്‍ തര്‍ക്കങ്ങളുണ്ടാകുന്ന അവസ്ഥയും പലയിടങ്ങളിലുമുണ്ടായിട്ടുണ്ട്.  റേഷന്‍ കടകളിലൂടെ ആവശ്യാനുസരണം പച്ചരിയും പുഴുക്കലരിയും കൂടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഇതിനോടകം അധികൃതര്‍ക്ക് പരാതിയും നല്കിയിട്ടുണ്ട്.

Related posts