കോട്ടയം: സ്ത്രീക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ തീജ്വാലയായി ജെസിഐയുടെ തെരുവ് നാടകം. സമൂഹത്തിലും സ്വന്തം വീട്ടില്‍ പോലും സ്ത്രീ സുരക്ഷിതയല്ലെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുന്ന തെരുവ് നാടകം സ്ത്രീക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് നേരെയുള്ള ശക്തമായ താക്കീതാകുകയായികുന്നു. വനിതാ ദിനത്തില്‍ തിരുനക്കര ടാക്‌സി സ്റ്റാന്‍ഡില്‍ ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ വനിതാ ചാപ്റ്ററായ ജെസിഐ കോട്ടയം എയ്ഞ്ചല്‍സിറ്റിയാണ് ജ്വാല എന്ന പേരില്‍ തെരുവ് നാടകം അവതരിപ്പിച്ചത്.
കേരളത്തിലെ പീഡനങ്ങള്‍ക്ക് ഇരയായ പേരില്ലാ പെണ്‍കുട്ടിയുടെ നേര്‍രൂപത്തെ ജ്വാലയുടെ പിന്നണിക്കാര്‍ വേദിയിലെത്തിച്ചു. സ്വന്തം ബന്ധുക്കളില്‍ നിന്നും പോലും പീഡനം ഏല്‍ക്കേണ്ടിവരുന്ന അവസ്ഥയെ അവര്‍ ചോദ്യം ചെയ്തു. സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശം തങ്ങള്‍ക്കുമുണ്ടെന്ന് വ്യക്തമാക്കിയാണ് തെരുവ് നാടകം അവസാനിപ്പിച്ചത്. സരിതാ സി.നായര്‍, അന്നു ബിനോയ്, ഡോ.മീര, ഡോ.ഷൈനി, ഹിവാനി ജെയിന്‍, ധന്യാ ഗിരീഷ്, അമലാ ജെയിംസ്, ഗൗതം ശങ്കര്‍ എന്നിവര്‍ തെരുവുനാടകത്തില്‍ അണിനിരന്നു.
ഒരു വര്‍ഷം നീളുന്ന സ്ത്രീ സുരക്ഷ പരിപാടി റോബിന്‍ എബ്രഹാം ഉദ്ഘാടനം ചെയ്തു. നര്‍ത്തകി ഭവാനി ചെല്ലപ്പനെ ആദരിച്ചു. നഗരത്തില്‍ കച്ചവടം ചെയ്ത് കുടുംബം പുലര്‍ത്തുന്ന അനിത, രാജലക്ഷ്മി എന്നിവര്‍ക്ക് സംഘടനയുടെ ധനസഹായം വിതരണം ചെയ്തു.