ചവറ: സ്വകാര്യ ചാനലിന്റെ തെരഞ്ഞെടുപ്പ് സംവാദ പരിപാടിക്കിടയില്‍ നടന്ന വാക്കേറ്റത്തിലും കല്ലേറിലും ചവറയിലെ സ്ഥാനാര്‍ഥികള്‍ക്കു പരിക്കേറ്റു. യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍. വിജയന്‍പിള്ള എന്നിവര്‍ക്കാണു പരിക്ക്. ഇന്നലെ വൈകുന്നേരം 4.30ന് ചവറ ശങ്കരമംഗലത്ത് ദേശീയപാതയോരത്ത് വച്ച് നടത്തിയ പരിപാടിയിലായിരുന്നു സംഘര്‍ഷം.
പരിപാടി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ സംഘര്‍ഷം തുടങ്ങി. ചാനല്‍ അവതാരകന്റെ ചോദ്യങ്ങള്‍ക്ക് സ്ഥാനാര്‍ഥികള്‍ മറുപടി പറയുന്നതിനിടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഇടതു പ്രവര്‍ത്തകര്‍ വാക്കേറ്റം തുടങ്ങുകയും പരസ്പരം ചേരിതിരിഞ്ഞ് കല്ല്, കസേര എന്നിവ എടുത്തെറിയുകയും ചെയ്തു.
ഇതിനിടെ ഡയസില്‍ നില്‍ക്കുകയായിരുന്ന ഷിബു ബേബി ജോണിനു വലത് കൈയ്ക്കു കല്ലേറില്‍ പരിക്കേറ്റു. ഉടന്‍ തന്നെ പരിക്കേറ്റ ഷിബു ബേബി ജോണ്‍ കരുനാഗപ്പളളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കാലിനു പരിക്കേറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍. വിജയന്‍പിള്ള കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും വഴിയാത്രക്കാര്‍ക്കും സംഘര്‍ഷത്തിനിടെ കല്ലേറില്‍ പരിക്കേറ്റതായി സൂചനയുണ്ട്. കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട ചോദ്യത്തിനിടയിലാണു കൈയാങ്കളി ഉണ്ടായത്. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസിന് അണികളെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നു കൂടുതല്‍ പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.