നെടുങ്കണ്ടം: ഹൈറേഞ്ചില്‍നിന്നു പറന്നകന്ന മഴമുഴക്കി വേഴാമ്പല്‍ തിരിച്ചെത്തി. വംശനാശഭീഷണി നേരിടുന്ന പക്ഷിയാണിത്. ഇപ്പോള്‍ പെരിയാര്‍ കടുവാ സങ്കേതത്തിലെ വനമേഖലകളിലാണ് ഇവയുള്ളത്. രൂപഭംഗിയും ജീവിതചര്യകളുമാണ് മറ്റു പക്ഷികളില്‍നിന്നും മലമുഴക്കി വേഴാമ്പലിനെ വ്യത്യസ്ഥമാക്കുന്നത്. വെള്ളയും മഞ്ഞയും കലര്‍ന്ന ചുണ്ടുകളും കറുപ്പും മഞ്ഞയും കലര്‍ന്ന കഴുത്തും കറുപ്പുനിറത്തോടുകൂടിയ ചിറകുകളും ഇതിനെ ആകര്‍ഷകമാക്കുന്നു.
ഒരു ഇണയെ മാത്രം സ്വീകരിക്കുന്നതും മരിക്കുവോളം ഒരുകൂട്ടില്മാത്രം കഴിയുന്നതും ഇതിന്റെ പ്രത്യേകതയാണ്. പെണ്‍പക്ഷികള്‍ മരപ്പൊത്തില്‍ മുട്ടയിട്ടശേഷം കൂട് ഭാഗികമായി അടയ്ക്കും. ആണ്‍പക്ഷി ഈ കാലയളവില്‍ ആഹാരസാധനങ്ങള്‍ കൂട്ടില്‍ എത്തിച്ചുനല്‍കും. വ്യത്യസ്ഥത തീര്‍ക്കുന്ന മലമുഴക്കി വേഴാമ്പല്‍ നെടുങ്കണ്ടം ചേമ്പളം മേഖലയിലാണ് കണ്ടെത്തിയത്. കാഞ്ഞിരത്തുങ്കല്‍ ജോസ് സെബാസ്റ്റ്യന്റെ കൃഷിസ്ഥലത്ത് ഒരാഴ്ചയായി ഇത് തമ്പടിച്ചിരിക്കുകയാണ്.