അക്രമരാഷ്ട്രീയം വികസന സാധ്യതകള്‍ ഇല്ലാതാക്കുന്നു: സണ്ണി ജോസഫ് എംഎല്‍എ

KNR-SUNNY-JOSEPHMLAഇരിട്ടി: രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശാനുസരണം ബോംബ് നിര്‍മിക്കുമ്പോള്‍ സ്വയം തങ്ങളുടെ അണികള്‍ ബോംബ് പൊട്ടി മരിക്കുകയാണെന്നും കണ്ണൂരിന്റെയും മലബാറിന്റെയും വികസന സാധ്യതകളാണ് അക്രമരാഷ്ര്ട്രീയത്തിലൂടെ ഇല്ലാതാകുന്നതെന്നും സണ്ണി ജോസഫ് എംഎല്‍എ. പേരാവൂര്‍, മട്ടന്നൂര്‍ നിയോജക മണ്ഡലങ്ങളില്‍ വ്യാപിക്കുന്ന അക്രമങ്ങള്‍ക്കെതിരേ സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് കാക്കയങ്ങാട് വച്ച് “അക്രമം വെടിയൂ, ജീവിക്കാന്‍ അനുവദിക്കൂ’ എന്ന സന്ദേശമുയര്‍ത്തികൊണ്ട് നടത്താന്‍ തീരുമാനിച്ച സമാധാനസദസിന് പോലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് സണ്ണി ജോസഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇന്നലെ പരിപാടി നടത്താന്‍ കാക്കയങ്ങാട് ടൗണില്‍ സ്‌റ്റേജും കസേരകളും ഇട്ടതിനുശേഷമാണ് ഉച്ചയോടെ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ അനുമതി നിഷേധിച്ചത്. സമാധാനപരമായി സമാധാന സന്ദേശസദസ് നടത്താന്‍ ശ്രമിച്ചതിന് അനുമതി നടത്താന്‍ പോലീസ് വിസമ്മതിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇത് ജനാധിപത്യത്തോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്നും എംഎല്‍എ പത്ര സമ്മേളനത്തില്‍ ആരോപിച്ചു.

പോലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു പരിപാടി മാറ്റിവച്ചു. സമാധാനം കാംക്ഷിക്കുന്ന ജനങ്ങളും സംഘടനകളും പിന്തുണ നല്‍കിയതാണു ഭരണാധികാരികള്‍ പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നും സിപിഎമ്മും ബിജെപിയും  സംസ്ഥാന-കേന്ദ്ര ഭരണത്തിന്റെ ഹുങ്കില്‍ അക്രമവും കൊലപാതകവും നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സമാധാനത്തോടെ തൊഴില്‍ ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരന്‍ അക്രമത്തെയും അതിനു നേതൃത്വം കൊടുക്കുന്നവരേയും തിരുത്താന്‍ നേരിട്ടുതന്നെ ഇടപെടണം.

സമാധാന സദസ് നടത്താന്‍ തീരുമാനിച്ചപ്പോള്‍തന്നെ മുഴക്കുന്ന് എസ്‌ഐയോട് പറഞ്ഞതാണ്. സിഐക്കും ഡിവൈഎസ്പിക്കും അപേക്ഷയും നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയോടെ അനുമതി നിഷേധിക്കുകയായിരുന്നു. സമാധാനം നിലനിന്നു കാണാന്‍ അഗ്രഹിക്കുന്ന എല്ലാവരും കക്ഷി രാഷ്ട്രീയ ഭേദമന്യേ പോലീസ് നടപടിയില്‍ പ്രതിഷേധിക്കണമെന്നും എംഎല്‍എ അഭ്യഥിച്ചു. ഡിസിസി സെക്രട്ടറി പടിയൂര്‍ ദാമോദരന്‍, പേരാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് ബൈജു വര്‍ഗീസ്, ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് തോമസ് വര്‍ഗീസ്, മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് വി. രാജു, ലീഗ് നേതാവ് ഇബ്രാഹിം മുണ്ടേരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts