ഉറങ്ങുമ്പോള്‍ സ്വപ്‌നങ്ങള്‍ നീളും, ഉണരുമ്പോള്‍ സ്വപ്‌നങ്ങള്‍ തകരും! വാഹനമോടിക്കുമ്പോള്‍ ഉറങ്ങാതിരിക്കാനും ഉറക്കം വന്നാല്‍ ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് കേരളാ പോലീസ് നല്‍കുന്ന മുന്നറിയിപ്പ്

സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടതിന്റെയും അതിദാരുണമായ രീതിയില്‍ കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടതിന്റെയും ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ആരാധകരും വാര്‍ത്ത അറിഞ്ഞ എല്ലാവരും.

രാത്രി യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായി കരുതപ്പെടുന്നത്. രാത്രി സഞ്ചാരത്തിനിടെ വാഹനാപകടത്തില്‍ പെടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചില സുപ്രധാന നിര്‍ദേശങ്ങളുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്. രാത്രി സമയങ്ങളിലെ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും വാഹനം ഓടിക്കുമ്പോള്‍ ഉറങ്ങരുതേയെന്നുമാണ് കേരളാ പോലീസ് അപേക്ഷിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കേരള പോലീസ് ഇക്കാര്യം ആവശ്യപ്പെടുന്നത്. പോലീസ് പറയുന്നതിങ്ങനെ…

വാഹനമോടിക്കുമ്പോള്‍ ഉറങ്ങരുതേ ..

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവര്‍മാരുടേത്. അതുകൊണ്ടുതന്നെ കൂടുതല്‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോള്‍ ഉറക്കം വരുന്നത് ഡ്രൈവര്‍ മാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്, മാത്രമല്ല രാത്രി കാലങ്ങളിലെ ഡ്രൈവിംഗ് വലിയ അപകടത്തിന് കാരണമാകുന്നു..

എത്ര മികച്ച ഡ്രൈവര്‍ ആണെങ്കില്‍ പോലും ഈ പ്രശ്‌നത്തെ നേരിടാന് വലിയ പ്രയാസമാണ്. രാത്രി നടക്കുന്ന പല അപകടങ്ങള്‍ക്കും കാരണം ഇത്തരത്തില്‍ ഡ്രൈവറുടെ ഉറക്കം തന്നെയാകാം. പലപ്പോഴും ഡ്രൈവര്‍ അറിയാതെയാണ് ഉറക്കത്തിലേക്ക് വീണുപോകുന്നത്. ഉറക്കം വരുന്നു എന്ന് തോന്നിയാല്‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിര്‍ ത്തി വെക്കണം.

തുടര്‍ച്ചയായി കോട്ടുവായിടുകയും കണ്ണ് തിരുമ്മുകയും ചെയ്യുക. റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത വിധം കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക. തുടര്‍ച്ചയായി കണ്ണ് ചിമ്മി, ചിമ്മി തുറന്നുവയ്ക്കുന്ന സാഹചര്യം ഉണ്ടാവുക. എന്നീ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ഡ്രൈവിംഗ് നിര്‍ത്തി വെയ്ക്കണം.

ദീര്‍ഘദൂര യാത്രയില്‍ വാഹനങ്ങള്‍ വഴിയരികില്‍ നിര്‍ത്തി കുറചു വിശ്രമിക്കുന്നത് അപകടസാധ്യത കുറക്കുന്നു. കഴിയുമെങ്കില്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതെയിരിക്കുവാന്‍ ശ്രമിക്കുക, സ്വാഭാവികമായി ഉറങ്ങാനുള്ള പ്രവണത ഈ സമയത്ത് കൂടുതല്‍ ഉണ്ടാകും. എതിരെ വരുന്നവര്‍ ചിലപ്പോള്‍ ഉറക്കം തൂങ്ങിയും അമിത വേഗതയിലും ഒക്കെ ആയിരിക്കും വരുന്നത്..രാത്രിയും പുലര്‍ച്ചയും ആണ് വലിയ അപകടങ്ങള്‍ പതിയിരിക്കുന്നത് എന്ന് ഓര്‍ക്കുക..

ഉറക്കംതൂങ്ങുന്ന ഡ്രൈവര്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നയാളുടെ അത്രയും തന്നെ അപകടകാരിയായിരിക്കാം. ദൂരയാത്ര പോകേണ്ട സാഹചര്യത്തില്‍, അല്ലെങ്കില്‍ ഡ്രൈവ് ചെയ്യുന്ന സമയത്ത് ശ്രദ്ധിച്ചാല്‍ ഉറക്കം വരുന്ന പ്രശ്‌നം ഇല്ലാതാക്കാം. അതിന് ആദ്യം വേണ്ടത് നല്ല ഉറക്കം ലഭിക്കുക എന്നതാണ്.

ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങിയതിനു ശേഷം മാത്രം നീണ്ട ഡ്രൈവിംഗ് തുടരുക. ഇങ്ങനെയുള്ള യാത്രകളില്‍ കഴിയുമെങ്കില്‍ ഡ്രൈവിംഗ് വശമുള്ള ഒരാളെ കൂടെ കൂട്ടാന്‍ ശ്രമിക്കുക. ആവശ്യമുണ്ടെങ്കില്‍ ഡ്രൈവിംഗില്‍ സഹായിക്കാനും ഇവര്‍ക്ക് കഴിയും.

കുടുംബാംഗങ്ങള്‍ ഒന്നിച്ചു മരണപ്പെടുകയോ അപകടത്തിലാവുകയോ ചെയ്യുന്ന മിക്ക അപകടങ്ങളുമുണ്ടാകുന്നത് രാത്രിയിലാണ്. അതിനു പ്രധാന കാരണം ഡ്രൈവറുടെ ഉറക്കമാണ്. വാഹനം ഓടിക്കുമ്പോള്‍ ഉറക്കം തോന്നിയാല്‍ അപ്പോള്‍ തന്നെ വണ്ടി ഒതുക്കി ഇട്ട് അല്‍പ നേരം കിടന്നുറങ്ങുക. .

ഉറക്കം തോന്നിയാല്‍ പലരും പറയാന്‍ മടിച്ച് മിണ്ടാതെ യാത്ര തുടരും… രാതികാല യാത്രാവേളയില്‍ ഡ്രൈവര്‍മാര്‍ അല്പനേരം വിശ്രമിക്കുന്നത് മൂലം യാത്രവൈകിയേക്കാം പക്ഷെ അത് നിങ്ങളുടെ ആയുസ് വര്‍ദ്ധിപ്പിക്കുമേന്നോര്‍ക്കുക.

Related posts