അക്ഷരമുറ്റത്ത് കളിചിരികളോടെ വൈഗയും വേദയും വൈകാശുമെത്തി

alp-erattaമാങ്കാംകുഴി: കളിച്ചുല്ലസിച്ച അവധിക്കാലത്തിനു വിടനല്‍കി അക്ഷരമുറ്റത്തു വീണ്ടും മണിമുഴങ്ങിയപ്പോള്‍ പുത്തനുടുപ്പും പുതിയബാഗും വര്‍ണക്കുടയുമായി മൂവര്‍സംഘം വിദ്യാലയ മുറ്റത്തെത്തി. മാങ്കാംകുഴി വെട്ടിയാര്‍ പനയ്ക്കല്‍ തെക്കേതില്‍ രാജേഷ്-ശുഭ ദമ്പതികളുടെ മക്കളായ വൈഗയും വേദയും വൈകാശുമാണ് അധ്യയന വര്‍ഷത്തിനു ആരംഭം കുറിച്ച് വെട്ടിയാര്‍ ഗവണ്‍മെന്റ് എല്‍പി സ്കൂളിന്റെ പടവുകള്‍ ചവിട്ടി ഇന്നലെ ഒന്നാം ക്ലാസിലേക്ക് എത്തിയത്.

ശുഭയുടെ കടിഞ്ഞൂല്‍ പ്രസവത്തിലെ കണ്‍മണികളാണ് ഈ മൂവര്‍ സംഘം. ഒറ്റ പ്രസവത്തില്‍  ഓരോ മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ഇവരുടെ ജനനം. അതിനാല്‍ ഇവര്‍ മൂന്നുപേരുടെയും ജന്മ നക്ഷത്രം ഒന്നായതിനാല്‍  മകം നാളില്‍ ജനിച്ച കണ്മണികള്‍ എന്ന അപൂര്‍വതയുമുണ്ട് മൂവര്‍ക്കും.  കൊച്ചനുജനായ വൈകാശിനാകട്ടെ വൈഗയും വേദയും ചേച്ചിമാരാണ്. വീട്ടില്‍  മൂന്നുപേരെയും വാത്സല്യ പൂര്‍വം മാതാപിതാക്കള്‍ മീനു മാളു അമ്പാടി എന്നീ പേരുകളിലാണ് വിളിക്കുന്നത്. വൈഗയും വേദയും നന്നായി പാട്ടുപാടുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുമ്പോള്‍ വൈകാശിനു അച്ഛനെ പോലെ ആയോധന കലയിലും ഫുട്‌ബോള്‍ കളിയിലുമാണ് താത്പര്യം.

മധുരംനല്‍കിയും പാട്ടുപാടിയും ബലൂണ്‍ നല്‍കിയും ഇന്നലെവെട്ടിയാര്‍ ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍  അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകള്‍ക്കൊപ്പം ഈ മൂവര്‍സംഘം കൂടി ചേര്‍ന്നതോടെ പ്രവേശനോത്സവത്തിനു കൂടുതല്‍ മധുരം കൈവന്നു.   പിതാവ് രാജേഷ് മാങ്കാംകുഴി നീതി മെഡിക്കല്‍ സെന്ററിലെ ജീവനക്കാരനാണ്. കൂടാതെ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയിലൂടെ നൂറുകണക്കിനു കുട്ടികള്‍ക്ക് ആയോധനകലാ പരിശീലനവും രാജേഷ് നല്‍കുന്നുണ്ട്.

Related posts