ബംഗളൂരു: മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിന് സെഞ്ചുറി. ടൈഗര്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് സമിത് ദ്രാവിഡ് 125 റണ്‍സടിച്ചത്. വിവിധ സ്കൂളുകളും ക്ലബ്ബുകളും പങ്കെടുക്കുന്ന ടൈഗര്‍ കപ്പില്‍ ബിയുസിസിക്ക് വേണ്ടിയാണ് സമിത് കളിക്കാനിറങ്ങിയത്. സമിതിന്റെയും 143 റണ്‍സടിച്ച പ്രത്യുഷിന്റെയും മികവില്‍ ബിയുസിസി 30 ഓവറില്‍ അഞ്ച് വിക്കറ്റിന് 326 റണ്‍സടിച്ചു.
ബുധനാഴ്ച ലയോള ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരാളികളായ ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂള്‍ 27 ഓവറില്‍ 80 റണ്‍സിന് പുറത്തായി, 246 റണ്‍സിന്റെ വിജയം. ടോപ് സ്‌കോററായ പ്രത്യുഷിനൊപ്പം 213 റണ്‍സിന്റെ കൂട്ടുകെട്ടാണ് സമിത് ദ്രാവിഡ് ഉണ്ടാക്കിയത്. പ്രത്യുഷ് 26 ഫോറുകള്‍ അടിച്ചു. 12 ബൗണ്ടറികളായിരുന്നു ജൂണിയര്‍ ദ്രാവിഡിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
നേരത്തെ, 93 റണ്‍സെടുത്ത് സെഞ്ചുറിക്കരികെവരെ സമിത് എത്തിയിരുന്നു. പിന്നീട് രണ്ടു തവണ കൂടി സമിത് അര്‍ധ സെഞ്ചുറി തികച്ചിരുന്നു. 77, 77(നോട്ട് ഔട്ട്) എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍.