കളമശേരി: ഏലൂര്‍ നഗരസഭയിലെ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടകളിലും മിനിറ്റ്സുകളിലും പ്രതിപക്ഷാംഗങ്ങളുടെ പേരു വരാതിരിക്കാന്‍ ഗൂഢനീക്കം നടക്കുന്നെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളമുണ്ടാക്കി. ഭരണപ്രതിപക്ഷ തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ഏതാനും അജണ്ടകള്‍ ഇന്നലെ രാവിലെ നടന്ന കൗണ്‍സിലില്‍ ഏലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സിജി ബാബു മാറ്റിവച്ചു.പതിവിനു വിപരീതമായി 39 അജണ്ടകളാണ് ചര്‍ച്ചയ്ക്കായി ഉള്‍പ്പെടുത്തിയത്. അതില്‍ 16 പ്രമേയങ്ങളാണ് കൗണ്‍സിലില്‍ അജണ്ടകളായി അവതരിപ്പിക്കപ്പെട്ടത്. ഭരണപക്ഷം അവതരിപ്പിച്ച ഭൂരിഭാഗം പ്രമേയങ്ങളും മുന്‍കാല കൗണ്‍സില്‍ യോഗങ്ങളിലും മറ്റും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടതായിരുന്നു. കൂടാതെ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് കൊണ്ടുവന്ന അജണ്ടകളില്‍ പ്രതിപക്ഷകൗണ്‍സിലര്‍മാരുടെ പേരുകള്‍ ഒഴിവാക്കപ്പെടുകയും ചെയ്തു.
ഇതാണ് ബഹളത്തിനിടയാക്കിയത്. പ്രതിപക്ഷ കൗണ്‍സിലര്‍ സാജന് ജോസഫ് എതിര്‍പ്പ് പ്രകടിപ്പിച്ചത് വൈസ് ചെയര്മാന് എ.ഡി. സുജിലും മറ്റു ഭരണകക്ഷിയംഗങ്ങളും ഏറ്റുപിടിച്ചു. കണ്ടെയ്നര്‍ റോഡിലെ പാര്‍ക്കിംഗ് നിരോധിക്കണമെന്ന പ്രമേയത്തിന്റെ അവതരണാനുമതി കഴിഞ്ഞ കൗണ്‍സിലില്‍ അധ്യക്ഷ നിഷേധിച്ചത് താന്‍ പ്രതിപക്ഷ കൗണ്‍സിലര്‍ ആയത് കൊണ്ടാണെന്നും അതേ പ്രമേയം ഭരണപക്ഷം ഈ കൗണ്‍സിലില്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുത്തെന്നും കൗണ്‍സിലര്‍ നസീറ കുറ്റപ്പെടുത്തി.
അടുത്തതായി അവതരിപ്പിച്ച അജണ്ടയില്‍ കൗണ്‍സിലറുടെ പേരൊഴിവാക്കി അച്ചടിച്ചെന്ന പേരില്‍ വീണ്ടും തര്‍ക്കം ഉണ്ടാക്കി. പാതാളം പാലത്തിന് ഫെന്‍സിംഗ് വേണമെന്ന് പത്താം വാര്‍ഡ് കൗണ്‍സിലര്‍ ആവശ്യപ്പെട്ടെന്നായിരുന്നു 37 മത്തെ അജണ്ട. കൗണ്‍സിലറുടെ പേരൊഴിവാക്കിയത് അച്ചടിപ്പിശകാണെന്ന നഗരസഭാ സെക്രട്ടറിയുടെ വിശദീകരണം പ്രതിപക്ഷത്തിന് തൃപ്തികരമായില്ല. സ്വന്തമായി അഭിപ്രായം പറയാന്‍ കഴിയാത്ത ചെയര്‍പേഴ്സണ്‍ സീറ്റിലിരിക്കാന്‍ യോഗ്യ യല്ലെന്ന സാജന്‍െറ പരാമര്‍ശം കൂടുതല്‍ പ്രകോപനം സൃഷ്ടിച്ചു. തുടര്‍ന്ന് കൗണ്‍സിലര്‍ ജാസ്മിന്‍െറ പേര് ഉള്‍പ്പെടുത്തി ചര്‍ച്ചയ്ക്കായി അടുത്ത കൗണ്‍സിലിലേക്ക് തര്‍ക്കത്തിനു കാരണമായ അജണ്ട മാറ്റിയതായി അധ്യക്ഷ അറിയിച്ചു.
അതേ സമയം നിരവധി തീരുമാനങ്ങള്‍ ഏലൂര്‍ നഗരസഭ കൗണ്‍സില്‍ ഒറ്റക്കെട്ടായി എടുത്തു. പൈപ്പിലൂടെ പാചകവാതകം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കണമെന്ന് ഏലൂര്‍ നഗരസഭ കൗണ്‍സില്‍ ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. ഏലൂരില്‍ ഗ്യാസ് ലൈനിന്‍െറ സബ് സ്റ്റേഷന് ഉള്ളതിനാല്‍ അനായാസമായി പദ്ധതി നടപ്പാക്കാനാകുമെന്നും മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭയുടെ പരിധിയില്‍ വരുന്ന വിവിധ തരം ഭക്ഷണശാലകള്‍,കേറ്ററിംഗ് യൂണിറ്റുകള്‍, ബേക്കറികള്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ഇതിനായി കാര്‍ഡിന് 100 രൂപ വീതം ലൈസന്‍സ് ഫീയായി ഈടാക്കും.
ഏലൂര്‍ െ്രെപമറി ഹെല്‍ത്ത് സെന്ററിലും ആയുര്‍വേദ ആശുപത്രിയിലും കിടത്തി ചികിത്സ ആരംഭിക്കണമെന്നും ഏലൂരില്‍ ഹോമിയോ വിഭാഗം തുടങ്ങണമെന്നും കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. മഞ്ഞുമ്മല്‍ പള്ളിനടയിലെ തിരക്ക് ഒഴിവാക്കാന്‍ 30 മീറ്റര്‍ പിന്നിലേക്ക് ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായി. കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ ഏലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സിജി ബാബു അധ്യക്ഷയായി.