ചാവക്കാട്: അജ്ഞാതവാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തില്‍ അപകടത്തിന് കാരണമായ സ്കൂള്‍ വാനും ഡ്രൈവറും പിടിയിലായി. പാവറട്ടി മരുതയൂര്‍ പണിക്കന്‍വീട്ടില്‍ രാജനെ(51)യാണ് ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തത്. വാന്‍ കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 8.30-ന് ചാവക്കാട് ചേറ്റുവ റോഡില്‍ ദര്‍ശനക്ക് സമീപമാണ് അപകടം. ഒരുമനയൂര്‍ ഐഡിസി സ്കൂളിന് അടുത്ത് എടക്കളത്തൂര്‍ ജോണ്‍സന്റെ മകന്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായ ജോഷി(27)യാണ് അപകടത്തില്‍ മരിച്ചത്. ഗുരുവായൂരിലേക്ക് ജോലിക്ക് പോകുമ്പോഴാണ് ഐഡിസി സ്കൂളിനു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാന്‍ ഇടിച്ചത്.
സ്കൂള്‍ വാന്‍ നിര്‍ത്താതെ പോയി. പിന്നാലെ എത്തിയ മറ്റൊരു വാഹനത്തിന്റെ ഡ്രൈവറാണ് ജോഷിയെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തിനുകാരണമായ വാഹനത്തെക്കുറിച്ച് അതുവഴികടന്നുപോയിരുന്ന അധ്യാപികയാണ് പോലീസിന് സൂചന നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വാനും ഡ്രൈവറും പിടിയിലായത്.