ആലപ്പുഴ: മുല്ലയ്ക്കല്‍ തെരുവിലെ അനധികൃത പാര്‍ക്കിംഗിനും നിരത്തു കൈയേറിയുള്ള കച്ചവടത്തിനുമെതിരെ നഗരസഭ നടപടിക്കൊരുങ്ങുന്നു. മുല്ലയ്ക്കല്‍ തെരുവിലെ കൈയേറ്റം ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാണിച്ചതോടെയാണ് നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ തോമസ് ജോസഫ് ഉറപ്പുനല്‍കിയത്. മുല്ലയ്ക്കല്‍ തെരുവിലെ ഗതാഗതം കച്ചവടക്കാര്‍ക്കുവേണ്ടിയാണ് പോലീസ് നിരോധിച്ചതെന്ന ആക്ഷേപവും കൗണ്‍സില്‍ യോഗത്തിലുയര്‍ന്നു.
സാധാരണ ചിറപ്പ് കാലങ്ങളില്‍ വഴിയോര കച്ചവടക്കാര്‍ മുല്ലയ്ക്കലില്‍ കേന്ദ്രീകരിക്കുമായിരുന്നെങ്കില്‍ ഇത്തവണ നേരത്തെ തന്നെ തെരുവ് കച്ചവടക്കാര്‍ നിരത്ത് കൈയടക്കിയിരിക്കുകയാണെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ നഗരസഭാ സെക്രട്ടറിയ്ക്ക് ചെയര്‍മാന്‍ നിര്‍ദേശം നല്കി. നഗരസഭയുടെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായി വാര്‍ഡ് സമിതികള്‍ ജൂലൈ എട്ടുമുതല്‍ ചേര്‍ന്ന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ തീരുമാനമായി. 12ന് മുമ്പ് മുഴുവന്‍ വാര്‍ഡുതല സമിതികളും ചേരും.
വലിയ ചുടുകാട്, ചാത്തനാട് ശ്മശാനങ്ങളില്‍ ഗ്യാസ് ഉപയോഗിച്ച് സംസ്‌കാരം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ച നടത്താനും തീരുമാനമായി. ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് യാത്രാദുരിതം അനുഭവിക്കേണ്ടി വരുന്നതായും കൗണ്‍സിലില്‍ പരാതിയുയര്‍ന്നു. കഴിഞ്ഞ കൗണ്‍സിലില്‍ മൈക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ഇടത് കൗണ്‍സിലറെ കൗണ്‍സില്‍ ശാസിച്ചു.