കോഴഞ്ചേരി: അന്തര്‍സംസ്ഥാന വാഹന മോഷ്ടാവിനെ ഷാഡോ പോലീസ് പിടികൂടി. തിരുവനന്തപുരം പോത്തന്‍കോട് ജൂബിലി ഭവനില്‍ സെബാസ്റ്റ്യന്‍ ( ബിജു -42) ആണ് അറസ്റ്റിലായത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇരുന്നൂറിലേറെ മോഷണക്കേസുകളില്‍ പ്രതിയാണ് ബിജുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 7.50 ന് പൊയ്യാനില്‍ ജംഗ്ഷനില്‍ പോലീസിന്റെ വാഹന പരിശോധനയ്ക്കിടയിലാണ് ഇയാളെ പിടികൂടിയത്.
വേഗത്തില്‍ ബൈക്കില്‍ വന്ന് സെബാസ്റ്റ്യനെ പോലീസ് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് പരസ്പര വിരുദ്ധമായ മറുപടിയാണ് ഇയാളില്‍നിന്നുണ്ടായത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ആറന്മുള സ്റ്റേഷനിലെത്തി വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മോഷണ കഥകള്‍ പുറത്തുവന്നത്. ആറന്മുള വല്ലന സ്വദേശി നൗഷാദിന്റെ കാര്‍ മോഷണം പോയ കേസില്‍ പോലീസ് നടത്തിയ അന്വേഷണമാണ് സെബാസ്റ്റ്യനെ കുടുക്കിയത്. കഴിഞ്ഞ ഏപ്രില്‍ നാലിന് മോഷണം പോയ കാര്‍ തൊട്ടടുത്ത ദിവസം തന്നെ കോഴഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കണ്ടെടുത്തിരുന്നു.
സമീപ വാസികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടി സ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. 22 വര്‍ഷമായി കേരളത്തിലും തമിഴ്‌നാട്ടിലും വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തിവരുകയായിരുന്നു ഇയാളെന്നു പോലീസ് പറഞ്ഞു. വാഹനമോഷണമാണ് പ്രധാന പരിപാടി. കഴിഞ്ഞ ഡിസംബറില്‍ ജയില്‍ മോചിതനായശേഷം വെഞ്ഞാറമൂട് കാരക്കോണത്തു നിന്ന് ഓട്ടോറിക്ഷ മോഷ്ടിക്കുകയും തുടര്‍ന്ന് ചെങ്ങന്നൂരിലും ഇരിങ്ങാലക്കുട റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുമായി മോഷണം നടത്തി വരികയുമായിരുന്നു.