സിജോ പൈനാടത്ത്
കൊച്ചി: യോഗ പീറ്ററച്ചന് ധ്യാനമാണ്, ധ്യാനം യോഗയും. മതവും മന്ത്രങ്ങളും ഇവിടെ മതിലുകളാവുന്നില്ല. ആത്മാവബോധത്തിന്റെ ആഴങ്ങളിലേക്കാണ് ഈ വൈദികന്റെ യോഗായാത്രകള്. ശരീരത്തിന്റെയും മനസിന്റെയും ആത്മാവിന്റെയും സമഗ്രമായ സാധ്യതകളെ യോഗയുടെ ആത്മീയവഴികളിലൂടെ തിരിച്ചറിയാന്‍ പരിശീലിപ്പിക്കുകയാണ് ആരോഗ്യധ്യാനത്തിലൂടെ പീറ്ററച്ചന്. പൗരോഹിത്യശുശ്രൂഷയും യോഗയും ആത്മീയമാര്‍ഗത്തില്‍ സമന്വയിപ്പിച്ച് അനേകരെ ആത്മാവബോധത്തിന്റെ നിറവിലേക്കുയര്ത്താന് സാധിച്ചതിന്റെ സംതൃപ്തിയാണ് ഫാ. പീറ്റര്‍ തിരുതനത്തിലിനെ ശ്രദ്ധേയനാക്കുന്നത്. ചികിത്സയില്‍ യോഗയ്ക്കു വലിയ സാധ്യതകളുണെ്ടന്നും, മനസിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും സൗഖ്യത്തിനു യോഗ തെറാപ്പി സഹായകമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.
യോഗ തെറാപ്പിയില്‍ ഉന്നതപഠനം നടത്തിയതിനൊപ്പം പല വര്‍ഷങ്ങളുടെ അനുഭവസമ്പത്തും കൂടിയാവുമ്പോള്‍ പീറ്ററച്ചന്റെ വാക്കുകള്‍ക്ക് ഉറപ്പുകൂടും. കേന്ദ്ര ആയുഷ് വകുപ്പിന്റെ കീഴിലുള്ള പുനെയിലെ കൈവല്യധാം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു യോഗയില്‍ ഡിപ്ലോമയും ബംഗളൂരുവിലെ എസ് വ്യാസ സര്‍വകലാശാലയില്‍ നിന്നു ബിരുദാനന്തര ബിരുദവും നേടിയ ഫാ. പീറ്റര്‍ തിരുതനത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ അസിസ്റ്റന്റ് ഡയറക്ടറും ആരോഗ്യ വിഭാഗം മേധാവിയുമാണ്. കൊച്ചി പൊന്നുരുന്നി നൈവേദ്യ ആയുര്‍വേദ അശുപത്രിയില്‍ യോഗ പരിശീലകനായ ഫാ. പീറ്റര്‍ യോഗ തെറാപ്പിയിലൂടെ നിരവധി പേര്‍ക്ക് ആശ്വാസമായിട്ടുണ്ട്.
പന്ത്രണ്ടു മണിക്കൂറാണ് ഫാ. പീറ്ററിന്റെ ആരോഗ്യ ധ്യാനം (ഹെല്‍ത്ത് റിട്രീറ്റ്). ആറു ദിവസങ്ങളിലായി രണ്ടു മണിക്കൂര്‍ വീതമാണ് ധ്യാനം. ശരീരത്തില്‍ അന്തര്‍ലീനമായ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ പരിശീലിപ്പിക്കുകയാണ് ആരോഗ്യ ധ്യാനത്തിന്റെ ലക്ഷ്യമെന്ന് ഫാ. പീറ്റര്‍ പറയുന്നു. നടുവേദന, പ്രമേഹവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, ആര്‍ത്രൈറ്റിസ് തുടങ്ങിയവയ്ക്കു കൃത്യമായ പരിശീലനവും റിലാക്സേഷനും ഉണെ്ടങ്കില്‍ മുക്തി ലഭിക്കുമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഓരോ രോഗത്തിനും പ്രത്യേകമായ യോഗ പരിശീലന രീതികളുണ്ട്.
സ്വാമി ശുഭാനന്ദ എന്നറിയപ്പെടുന്ന ഈശോസഭാംഗമായ വൈദികന്റെ യോഗചര്യകള്‍ തന്നെ ഏറെ സ്വാധീനിച്ചിട്ടുണെ്ടന്ന് വ്യക്തമാക്കുന്ന പീറ്ററച്ചന്, തന്റെ ദൈവാന്വേഷണയാത്രകള്ക്ക് യോഗ വലിയ പ്രചോദനമായിട്ടുണെ്ടന്നും സമ്മതിക്കും. നൈവേദ്യയ്ക്കു പുറമെ അങ്കമാലി സുബോധനയിലും വിവിധ സ്ഥാപനങ്ങളിലും ഫാ. പീറ്റര്‍ യോഗ പരിശീലനവും ക്ലാസുകളും നല്‍കുന്നുണ്ട്. എല്ലാ മതങ്ങളിലുമുള്ളവര്‍ തനിക്കൊപ്പം യോഗ പരിശീലനത്തിനെത്തുന്നുണെ്ടന്ന് ഈ വൈദികന് പറയുമ്പോള്‍, യോഗയെ മതങ്ങളുടെ വൃത്തങ്ങളിലേക്കു ചുരുക്കുന്നവരോടുള്ള പ്രതിഷേധം കൂടിയാവുന്നു അത്.