ഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി റബര്‍തോട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. കൊല്ലപ്പെട്ടതെന്നു പോലീസ് സംശയിച്ച രണ്ടു സ്ത്രീകളും ജീവിച്ചിരിപ്പുണ്ടെന്നു പോലീസ് കണ്ടെത്തിയതോടെ ഒരു സ്ത്രീയുടെ ഡിഎന്‍എ പരിശോധന നടത്താനുള്ള ശ്രമവും പോലീസ് ഉപേക്ഷിച്ചു. ഇടുക്കി ജില്ലക്കാരിയായ ഒരു സ്ത്രീയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനാണു പോലീസ് പ്രാധാന്യം നല്‍കിയിരുന്നത്. ഈ സ്ത്രീയുടെ ഡിഎന്‍എ പരിശോധനയ്ക്കായാണ് സാമ്പിളുകള്‍ തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് അയച്ചിരുന്നത്. എന്നാല്‍, ഈ സ്ത്രീയെ പോലീസ് എറണാകുളത്തുനിന്നും ഇന്നലെ രാത്രി കണ്ടെത്തി.
അതേസമയം കൊല്ലപ്പെട്ടത് അന്യസംസ്ഥാനക്കാരിയായ സ്ത്രീയോ ആദിവാസി സ്ത്രീയോ ആകാമെന്ന സംശയമാണ് ഇപ്പോള്‍ പോലീസിനുള്ളത്. കൊല്ലപ്പെട്ട സ്ത്രീ അവിവാഹിതയാണെന്നു സംശയിക്കുമ്പോഴും അവര്‍ രണ്ടുതവണ പ്രസവിച്ചിട്ടുണ്ടെന്നാണു പ്രാഥമിക നിരീക്ഷണം. പ്രസവത്തിനുശേഷമുള്ള കുത്തിക്കെട്ടുകളുടെ രണ്ടുപാടുകള്‍ മൃതദേഹത്തിലുണ്ട്. മൃതദേഹത്തിന്റെ കൈയില്‍ പച്ചകുത്തിയിട്ടുണ്ടായിരുന്നു.
പച്ചകുത്തിയ പാടുകള്‍ മായിച്ചുകളയുന്നതിനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ഇതു മൃതദേഹം തിരിച്ചറിയാതിരിക്കാനാണെന്നു പോലീസ് സംശയിക്കുന്നു. മൃതദേഹം പൊതിഞ്ഞിരിക്കുന്നതു ആശുപത്രിയിലെ ഷീറ്റുപയോഗിച്ചാണ്. എന്നാല്‍ ആശുപത്രിയുടെ പേരോ മറ്റടയാളങ്ങളോ ഷീറ്റിലില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും കാണാതായ സ്ത്രീയാണെന്നാണു പോലീസിന്റെ സംശയം. ഒന്നുകില്‍ ആശുപത്രിയിലെ ഷീറ്റുമായി ആശുപത്രിയില്‍നിന്നും ഇറങ്ങിപ്പോയതാവാം. അതല്ലെങ്കില്‍ അവരെ ആരെങ്കിലും അനുനയത്തില്‍ ആശുപത്രിയില്‍നിന്നു ഇറക്കിക്കൊണ്ടുപോയതാവാം. സംസ്ഥാനത്തെ ആശുപത്രികളില്‍നിന്നും രോഗികള്‍ ഇറങ്ങിപ്പോയിട്ടുണ്ടോ, ആശുപത്രിയിലെ ഷീറ്റ് കാണാതായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണു ഇപ്പോള്‍ പോലീസിന്റെ അന്വേഷണത്തിലുള്ളത്.
ഇന്നലെ രാവിലെ ആറരയോടെയാണ് അതിരമ്പുഴ ഐക്കരക്കുന്നു ജംഗ്ഷനു സമീപം ഒറ്റക്കപ്പിലുമാവ്-അതിരമ്പുഴ റോഡരികില്‍ പൈനേല്‍ ലാലിച്ചന്റെ ഉടമസ്ഥതയിലുള്ള റബര്‍തോട്ടത്തില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അഞ്ചുമാസം ഗര്‍ഭിണിയാണെന്നു തോന്നിക്കുന്ന സ്ത്രീയുടേതായിരുന്നു മൃതദേഹം. തുണി ഉപയോഗിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണു നിഗമനം. കാലുകള്‍ പിന്നിലേക്കു മടക്കി ബന്ധിച്ച നിലയിലായിരുന്നു.
ഇരുനിറമുള്ള ഇവരുടെ മുഖം കറുത്തു കരുവാളിച്ചിരുന്നു. മൂക്കില്‍നിന്നും രക്തം ഒഴുകിയിരുന്നു. മൃതദേഹത്തില്‍ മറ്റു മുറിവുകളോ പാടുകളോ കാണാനുണ്ടായിരുന്നില്ല. നൈറ്റിയായിരുന്നു വേഷം. റബര്‍ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളിയായ മാര്‍ത്താണ്ഡം സ്വദേശി കുമാറാണു ചാക്കുകെട്ട് ആദ്യം കാണുന്നത്. ഇയാള്‍ അയല്‍ക്കാരെ വിവരം അറിയിക്കുകയും അവരറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു. പോലീസിന്റെ വിശദമായ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയ റബര്‍തോട്ടത്തിന് എതിര്‍വശത്തുള്ള റബര്‍തോട്ടത്തില്‍നിന്നും ഒഴിഞ്ഞ മദ്യക്കുപ്പി സോഡാക്കുപ്പി സോപ്പ്, ടയര്‍ എന്നിവ കണ്ടെത്തി. കോട്ടയത്തുനിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവുകള്‍ ശേഖരിച്ചു.
പോലീസ് നായ ജില് മൃതദേഹത്തിനരികില്‍നിന്നും മണംപിടിച്ച് തൊട്ടടുത്ത വീടുകളുടെ പരിസത്തുകൂടെ ഓടി മദ്യകുപ്പിയും മറ്റും കണ്ടെത്തിയ റബര്തോട്ടത്തില്ക്കൂടി സമീപത്തെ ഇടവഴിയില്‍ എത്തി നില്‍ക്കുകയായിരുന്നു. സംഭവം അറിഞ്ഞതുമുതല്‍ അന്വേഷണത്തില്‍ പോലീസ് അജീവ ജാഗ്രത കാട്ടി. ഏറ്റുമാനൂര്‍ സിഐയുടെ ചുമതലയുള്ള നിര്‍മല്‍ ബോസും ഏറ്റുമാനൂര്‍ എസ്ഐ അനൂപ് ജോസും നേതൃത്വം നല്കുന്ന പോലീസ് സംഘം വിവിരം അറിഞ്ഞയുടന്‍ സംഭവസ്ഥലത്തെത്തി ആളുകള്‍ സംഭവ സ്ഥലത്തേക്കു പ്രവേശിക്കാതെ നോക്കി. മധ്യമേഖലാ ഐജി എസ്. ശ്രീജിത്ത്, കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന് തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയില്‍ ഏറ്റുമാനൂര്‍ സിഐ ഓഫീസില്‍ പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും നടന്നിരുന്നു.
കൊന്നത് റബര്ത്തോട്ടത്തില്വച്ചല്ല കൊലയ്ക്കു പിന്നില്‍ രണ്ടിലധികം പേര്
സി.സി. സോമന്
കോട്ടയം: അതിരമ്പുഴയ്ക്കടുത്ത് റബര്‍ തോട്ടത്തില്‍ യുവതിയുടെ മൃതദേഹം കാണപ്പെട്ട സംഭവത്തില്‍ കൊല നടന്നത് മറ്റ് എവിടെയോ ആണെന്ന് കരുതുന്നു. ദൂരെയുള്ള ഏതോ സ്ഥലത്തു വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഭദ്രമായി പൊതിഞ്ഞ് റബര്‍തോട്ടത്തില്‍ തള്ളുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
വാഹനത്തിലാകാം മൃതദേഹം കൊണ്ടുവന്നതെന്നും രണ്ടിലധികം ആളുകള്‍ ഈ കൊലയില്‍ പങ്കെടുത്തിട്ടുണ്ടാകാമെന്നും പോലീസ് വിലയിരുത്തുന്നു. മൃതദേഹം വാഹനത്തിലല്ലാതെ കൊണ്ടുവരാനാവില്ല. ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാനുമാവി ല്ല എന്ന് പോലീസ് തീര്‍ത്തു പറയുന്നു.
എന്നാല്‍ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. സ്ത്രിയെ തിരിച്ചറിയുകയാണെങ്കില്‍ കൊലയാളികളെ കണ്ടുപിടിക്കാന്‍ പ്രയാസമുണ്ടാവില്ല എന്നാണ് പോലീസ് പറയുന്നത്. പ്ലാസ്റ്റിക് കവറും നല്ല കിടക്കവിരിയോ കര്ട്ടന് തുണിയോ ആണ് മൃതദേഹം പൊതിയാന്‍ ഉപയോഗിച്ചിരിക്കുന്നത്.
ആശുപത്രിയില്‍ ഉപയോഗിക്കുന്ന കിടക്ക വിരിയാണോ എന്ന സംശയവുമുണ്ട്. അതിനാല്‍ കേസിനു പിന്നില്‍ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവമുണ്ടാകാമെന്ന് സംശയിക്കുന്നു. ആശുപത്രിയില്‍ നിന്ന് രോഗികളെയോ കൂട്ടിരിപ്പുകാരായ മറ്റാരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു.
മെഡിക്കല്‍ കോളജ് വക നിരവധി സ്ഥലം കാടുപിടിച്ചു കിടപ്പുണ്ട്. അവിടെ വച്ച് കൊല നടത്തിയ ശേഷം റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചതാകാം ? അതിനാല്‍ മെഡിക്കല്‍ കോളജ് പരിസരം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. അടുത്ത നാളില്‍ ആശുപത്രിക്കുള്ളില്‍ തമ്പടിച്ചിരുന്ന ക്രിമിനലുകളെ പോലീസ് റെയ്ഡിലൂടെ തുരത്തിയിരുന്നു.