സിഡ്‌നി: ഒളിമ്പിക്‌സ് പടിവാതില്‍ക്കലെത്തുമ്പോള്‍ ശുഭസൂചനയുമായി സൈന നെഹ്്‌വാള്‍. ഇന്ത്യയുടെ സൈന നെഹ്‌വാളിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം. ഫൈനലില്‍ ചൈനയുടെ സുണ്‍ യുവിനെ പരാജയപ്പെടുത്തിയാണു സൈന കിരീടം ചൂടിയത്. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് സൈന വിജയിച്ചത്.
ആദ്യ സെറ്റ് കൈവിട്ട സൈന രണ്ടാം സെറ്റ് അനായാസം കൈക്കലാക്കി. മൂന്നാം സെറ്റില്‍ ലോക 12-ാം റാങ്കുകാരിയായ സണ്‍ യു കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും വിജയം സൈനയ്‌ക്കൊപ്പംനിന്നു. സ്‌കോര്‍: 11-21, 21-14, 21-19. ഇതു രണ്ടാം തവണയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സൈന ചാമ്പ്യനാവുന്നത്. രണ്ടു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനാകുന്ന ആദ്യ കളിക്കാരികൂടിയായി സൈന. കഴിഞ്ഞ നവംബറില്‍ ചൈനയുടെ ലിയോട് പരാജയപ്പെട്ടതിനു ശേഷം ആദ്യമായാണ് സൈന ഫൈനല്‍ കളിക്കുന്നത്.
സൈനയുടെ ഈ സീസണിലെ ആദ്യ കിരീടമാണിത്. ചൈനീസ് എതിരാളികള്‍ പലപ്പോഴും വെല്ലുവിളിയുയര്‍ത്താറുള്ള സൈനയ്ക്കു പക്ഷേ, ഇവിടെ അവര്‍ക്കെതിരേ മികച്ച പ്രകടനം പുറത്തെടുക്കാറായി. സെമിയിലും ഫൈനലിലും ലോകോത്തര താരങ്ങളെയാണ് സൈന പരാജയപ്പെടുത്തിയത്. സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ വാംഗ് യിഹാനെയാണ് സൈന പരാജയപ്പെടുത്തിയത്.