ഭോപ്പാല്‍: ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി നടന്ന യുവാവിന്റെ വീഡിയോ ചര്‍ച്ചയായതിനു പിന്നാലെ മധ്യപ്രദേശില്‍ നിന്നു കരളലിയിക്കുന്ന മറ്റൊരു കാഴ്ച. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ അമ്മയുടെ മൃതദേഹവുമായി 12 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ചു. സിയോണി ജില്ലയിലെ ഉളാത് ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം.
എഴുപതുകാരിയായ പാര്‍വതി ബായിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മക്കള്‍ ആംബുലന്‍സിന്റെ സഹായം തേടിയെങ്കിലും ആരുമെത്തിയില്ല. ഇതേത്തുടര്‍ന്നാണ് 12 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് അമ്മയെ ബൈക്കിലിരുത്തി കൊണ്ടുപോകാന്‍ യുവാക്കള്‍ നിര്‍ബന്ധിതരായത്. യുവാക്കളുടെ നടുവില്‍ ഇരുത്തിയാണ് പാര്‍വതിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. എന്നാല്‍ യാത്രയ്ക്കിടെ പാര്‍വതി മരണത്തിനു കീഴടങ്ങി.
ഇതോടെ യുവാക്കള്‍ അമ്മയുടെ മൃതദേഹം തിരികെ വീട്ടിലെത്തിക്കാന്‍ ആശുപത്രിയിലെ ആംബുലന്‍സിന്റെ സഹായം തേടി. എന്നാല്‍, ഉളാതിലേക്ക് വരാന്‍ ഡ്രൈവര്‍ വിസമ്മതിച്ചതോടെ മൃതദേഹം ബൈക്കില്‍ തിരികെക്കൊണ്ടുവരാന്‍ യുവാക്കള്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
യുപിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി ചികിത്സ കിട്ടാതെ പിതാവിന്റെ തോളില്‍ കിടന്ന് മരിച്ച സംഭവം വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് മധ്യപ്രദേശില്‍ നിന്നും സമാനമായ സംഭവമുണ്ടായത്.