കണ്ണൂര്‍: കണ്ണൂര്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഉണ്ടാക്കിയ ധാരണ അട്ടിമറിച്ചതിനു പിന്നില്‍ അഴീക്കോട് മണ്ഡലം മുസ് ലിംലീഗ് സ്ഥാനാര്‍ഥി കെ.എം. ഷാജിയും കെ. സുധാകരനുമാണെന്ന് കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട ഐക്യജനാധിപത്യ സംരക്ഷണ സമിതി നേതാവ് പി.കെ. രാഗേഷ്. കെ.എം. ഷാജി മുഖ്യമന്ത്രിയുമായി സംസാരിച്ച് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് രാഗേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂരിലെ കോണ്‍ഗ്രസിന്റെ അന്ധകന്മാരായ ഈ സയാമീസ് ഇരട്ടകള്‍ക്കു പ്രശ്നപരിഹാരത്തിന് യാതൊരു താത്പര്യവുമില്ല. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പരിഹാരശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ്് തന്നെയും സഹപ്രവര്‍ത്തകരെയും കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയത്. ഇതിന് നേതൃത്വം നല്കിയവര് വലിയ വിലനല്‍കേണ്ടിവരും.
തന്നെ പുറത്താക്കിയെന്ന് അറിയിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്ത ടി.ഒ. മോഹനന് രാഷ്ട്രീയമൂല്യം അല്പമെങ്കിലും ഉണ്ടെങ്കില്‍ എന്റെ പിന്തുണയോടെ ലഭിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം രാജിവയ്ക്കണം.
യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ പരസ്യപ്രസ്താവന നടത്തിയിട്ടും നടപടിയില്ല. കോണ്‍ഗ്രസില്‍ ഇരട്ടനീതിയാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് താന്‍ മത്സരിക്കുമെന്നും കണ്ണൂരും സ്ഥാനാര്‍ഥിയുണ്ടാകുമെന്നും രാഗേഷ് പറഞ്ഞു.