അവര്‍ പങ്കിട്ടെടുത്തു വേദനകള്‍; പങ്കുവച്ചു സ്വപ്നങ്ങള്‍…

tcr-hospitalതൃശൂര്‍: സെറിബ്രല്‍ പാള്‍സി ബാധിച്ച് ജീവിതം വഴിമുട്ടിയെന്ന നിരാശയോടെ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ ഒത്തുചേര്‍ന്നു. വേദനകള്‍ പങ്കുവച്ച് കരുത്തുനേടാനും വൈകല്യങ്ങളെ അതിജീവിക്കാനുമുള്ള വഴിതുറന്നുകൊണ്ട് സെറിബ്രല്‍ പാള്‍സി ബാധിച്ച തൃശൂര്‍ ജില്ലയിലെ 300ഓളം കുട്ടികളുടെ അമ്മമാര്‍ അടക്കമുള്ള മാതാപിതാക്കളില്‍ 50ഓളം പേര്‍ ചേര്‍ന്നാണ് സംഘടനയ്ക്കു രൂപം നല്കിയത്. മൂന്നുമാസം മുമ്പ് “സ്പാസ്റ്റിക് സൊസൈറ്റി’ എന്ന പേരില്‍ രൂപംകൊണ്ട സംഘടനയ്ക്കു കൈത്താങ്ങുമായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെയും ഗവ. എന്‍ജിനീയറിംഗ് കോളജിലെയും വിദ്യാര്‍ഥി കൂട്ടായ്മകളും രംഗത്തുണ്ട്.

സെറിബ്രല്‍ പാള്‍സി ദിനമായ ഇന്നലെ അമ്മമാര്‍ ഒത്തുകൂടി വൈകല്യങ്ങളുടെ വേദന പങ്കുവച്ചു. വൈകല്യങ്ങളെ അതിജീവിച്ചു മുന്നേറാനുള്ള കര്‍മപദ്ധതികളെ കുറിച്ച് ചര്‍ച്ചചെയ്തു. സെറിബ്രല്‍ പാള്‍സി ബാധിച്ച കുഞ്ഞുങ്ങള്‍ക്കു സര്‍ക്കാരില്‍നിന്നും ലഭിക്കുന്ന സഹായങ്ങള്‍ എന്തെല്ലാമെന്ന് അറിയാത്ത മാതാപിതാക്കളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.     തൃശൂര്‍ പൂങ്കുന്നം ഉദയനഗര്‍ റോഡില്‍ സ്പാസ്റ്റിക് സൊസൈറ്റി ആരംഭിച്ച കേന്ദ്രത്തിലാണ് സെറിബ്രല്‍ പാള്‍സി ബാധിച്ച കുഞ്ഞുങ്ങളുടെ അമ്മമാര്‍ ഒത്തുകൂടിയത്.

സദാസമയവും കുഞ്ഞിനെ പരിചരിച്ചുകൊണ്ടേയിരിക്കേണ്ട അമ്മയ്ക്ക് അല്പസമയം കുഞ്ഞിനെ സംരക്ഷിക്കാന്‍ അനുയോജ്യമായ സൗകര്യവും സൊസൈറ്റി ഇവിടെ ഒരുക്കിയിട്ടുണ്ട്. സംസാരശേഷിപോലും ഇല്ലാത്ത കുഞ്ഞുങ്ങളില്‍ സംസാരശേഷിയും സംഗീതവാസനയും വളര്‍ത്താന്‍ കംപ്യൂട്ടര്‍-മ്യൂസിക് പരിശീലനവും നല്കുന്നുണ്ട്. വൈകാതെ തന്നെ ഫിസിയോതെറാപ്പിയും തുടങ്ങും. സെറിബ്രല്‍ പാള്‍സി ബാധിച്ച് ബുദ്ധിയില്ലാത്തവനെന്നും ഇരുകാലുകളും ഇല്ലാത്തവനെന്നും പഴിച്ചും കുഞ്ഞുങ്ങളെ വീടിനുള്ളില്‍ അടച്ചിട്ടും കണ്ണീരോടെ കഴിയുകയല്ല മാതാപിതാക്കള്‍ ചെയ്യേണ്ടതെന്നു കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് ഓര്‍മിപ്പിച്ചു.

രോഗബാധിതനായ മകന്‍ വൈശാഖിനെ ഉന്നത മാര്‍ക്കോടെ ബിഎഡിനു പഠിപ്പിക്കുന്ന ചെറുതുരുത്തി സ്വദേശി ഷാര്‍മിള ടീച്ചര്‍, സംസാരശേഷിയില്ലാത്ത കുട്ടികള്‍ക്കു സംഗീതാഭ്യാസം നല്കുന്ന സംഗീതാധ്യാപിക ഡോ. കൃഷ്ണ ഗോപിനാഥ് തുടങ്ങിയവര്‍ അനുഭവങ്ങളിലൂടെ കുട്ടികളുടെ അമ്മമാരെ പ്രചോദിതരാക്കി. സൊസൈറ്റി പ്രസിഡന്റ് ഡോ. ആനന്ദം ഗോപിനാഥ്, സെക്രട്ടറി ഭാഗ്യലക്ഷ്മി ജയപ്രകാശ്, ഡോ. പാര്‍വതി മോഹന്‍, ഡോ. സുശീല മേനോന്‍, കെ. ജയസൂര്യദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ക്കു പിന്തുണയുമായി ഗവ. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ സി.സി. അഞ്ജു, ജിമീഷ്, ദീപ്തി, ജെസി, ശ്രീലക്ഷ്മി തുടങ്ങിയവരും ഗവ. എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളായ അക്ഷയ്, നവീന്‍ തുടങ്ങിയവരും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

Related posts