ആരും വരണം ശരിയാക്കുവാന്‍.. മെഡിക്കല്‍ കോളജിലെ മാമോഗ്രാഫി യന്ത്രം തുരുമ്പെടുത്തു

tcr-mamographyമുളങ്കുന്നത്തുകാവ്: ഇപ്പോ ശരിയാക്കാമെന്നു പറഞ്ഞ് അടച്ചിട്ട മെഡിക്കല്‍ കോളജിലെ മാമോഗ്രാഫി യന്ത്രം തുരുമ്പെടുത്തു നശിക്കുന്നു. സ്തനാര്‍ബുദം കണ്ടു പിടിക്കുന്നതിനായുള്ള ലക്ഷങ്ങള്‍ ചെലവഴിച്ചു വാങ്ങിയ മാമോഗ്രാഫി യന്ത്രം അടച്ചിട്ട മുറിയില്‍ വെറുതെ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു.

നിസാര തകരാറാണ് യന്ത്രത്തിന് ഉള്ളതെന്നു പറയുന്നു. അറ്റകുറ്റപ്പണികളുടെ ഭാഗമായി നാലു മാസം മുമ്പ് കരാറുകാരന്‍ വന്ന് ശരിയാക്കിയിരുന്നു. എന്നാല്‍ കരാറുകാരന്‍ പോയി മൂന്നു മണിക്കൂറിനുള്ളില്‍ യന്ത്രം വീണ്ടും കേടായി. യന്ത്രം ഉറപ്പിച്ചതിന്റെ പിഴവാണ് ഇതിന് കാരണമെന്നാണ് പറയുന്നത്. ആടിക്കൊണ്ടിരിക്കുന്ന യന്ത്രം ഉറപ്പിക്കാന്‍ കൂടുതല്‍ തുക കരാര്‍ കമ്പനി ആവശ്യപ്പെട്ടതാണ് യന്ത്രം വെറുതെ കിടക്കാന്‍ കാരണമത്രേ. എന്നാല്‍ യന്ത്രം ഉറപ്പിക്കാനുള്ള പണം നല്‍കാനില്ലെന്ന നിലപാടാണ് അധികാരികള്‍ക്ക്.

ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ യന്ത്രം ഉറപ്പിക്കാനുള്ള നിസാര തുക നല്‍കാതെ രോഗികളെ നിരാശ്രയക്കരാക്കുന്ന രീതിയിലുള്ള പെരുമാറ്റത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. നൂറുകണക്കിന് സ്ത്രീകളാണ് നേരത്തെ ഇവിടെ പരിശോധനകള്‍ക്കായി എത്തിയിരുന്നത്. കേരളത്തില്‍ ക്രമാതീതമായ രീതിയിലാണ് കാന്‍സര്‍ രോഗം പടരുന്നത്. സ്ത്രീകളില്‍ കണ്ടുവരുന്ന സ്തനാര്‍ബുദ രോഗങ്ങള്‍ കണ്ടെത്താന്‍ സ്വകാര്യ സ്ഥാപനങ്ങളെ വന്‍ തുക നല്‍കി ആശ്രയിക്കേണ്ട ഗതികേടിലാണ് പാവപ്പെട്ട സ്ത്രീകള്‍. മാമോഗ്രാം പരിശോധന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് വളരെ കുറഞ്ഞ നിരക്കിലുമാണ് ലഭിച്ചിരുന്നത്.

സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് 600 മുതല്‍ 700ഉം അതിലധികവും വാങ്ങിക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് ഏറെ ആശ്രയമായി സ്ഥാപിച്ച ഈ യന്ത്രം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രസവ മുറിക്കടുത്തുള്ള മുറിയില്‍ വെറുതെ കിടക്കുകയാണിപ്പോള്‍. പരിശോധനയ്‌ക്കെത്തുന്നവര്‍ യന്ത്രത്തെ പറ്റി ചോദിച്ചാല്‍ ഇപ്പോള്‍ ശരിയാക്കുമെന്ന മറുപടിയാണ് അധികാരികള്‍ നല്‍കാറുള്ളത്. ആരോഗ്യ മന്ത്രി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചിട്ടും യാതൊരു പരിഹാര നടപടികളും ഉണ്ടാകാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

Related posts