വിശാഖപട്ടണം: ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സത്തിന്റെ നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ടീം ഇന്ത്യയ്ക്കോ ഇന്ത്യന്‍ ആരാധകര്‍ക്കോ ഓര്‍ത്തുവെക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ ഏതൊരു ക്രിക്കറ്റ് ആസ്വാദകനും ഓര്‍മ്മയില്‍ സൂക്ഷിക്കാനാകുന്ന ഒരു നല്ല നിമിഷമുമ്ടായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ പുറത്താക്കാന്‍ ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്സ് എടുത്ത ക്യാച്ചായിരുന്നു അത്.
തുടരെ രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്. 56 രണ്‍സുമായി നാലാം ദിനം ആരംഭിച്ച കോഹ്ലി മികച്ച ഷോട്ടുകളിലൂടെ മുന്നേറുകയായിരുന്നു. വ്യക്തിഗത സ്കോര്‍ 81ല്‍ നില്‍ക്കെ ആദില്‍ റാഷിദ് എറിഞ്ഞ 47–ാം ഓവറിന്റെ ആദ്യ പന്തില്‍ ബാറ്റുവെച്ച കോഹ്ലിക്ക് പിഴച്ചു. പുറത്തേക്ക് തിരിഞ്ഞ ലെഗ്ബ്രേക്കര് കോഹ്ലിയുടെ ബാറ്റില്‍ത്തട്ടി പറന്നു. പക്ഷേ, കോഹ്ലിയടക്കം ഏവരെയും അമ്പരപ്പിച്ച് മുഴുനീള ഡൈവിലൂടെ സ്റ്റോക്സ് ആ പന്ത് കൈപ്പിടിയിലൊതുക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകരടക്കമുള്ളവര്‍ അമ്പരപ്പോടെ തലയില്‍ കൈവച്ചു.
ഇന്ത്യന്‍ സ്കോര്‍ 151 ല്‍ നില്‍ക്കെയായിരുന്നു ഏഴാമനായി കോഹ്ലിയുടെ പുറത്താകല്‍. തന്റെ 50–ാം ടെസ്റ്റ് കളിക്കുന്ന ഇന്ത്യന്‍ നായകന് ആദ്യ ഇന്നിംഗ്സിലും സ്റ്റോക്സ് എടുത്ത മികച്ച ക്യാച്ചിലൂടെയാണ് പുറത്തായത്.