കൊച്ചി: തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും സിപിഎം സ്ഥാനാര്‍ഥികള്‍ക്കെതിരെ പോസ്റ്ററുകള്‍. തൃക്കാക്കരയില്‍ സിപിഎം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ഡോ.സെബാസ്റ്റിയന്‍ പോളിനെതിരെയും തൃപ്പൂണിത്തുറയില്‍ പരിഗണിക്കുന്ന സി.എം. ദിനേശ് മണിക്കെതിരെയുമാണ് പോസ്റ്ററുകള്‍. സെബാസ്റ്റ്യന്‍ പോളിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് പോസ്റ്ററില്‍ പറയുന്നു. അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര.
തന്റെ മുന്നില്‍ ആവശ്യങ്ങള്‍ക്കായി എത്തുന്നവരോട് മാന്യമായി പെരുമാറാറില്ല. എംഎല്‍എയും എംപിയുമായിരുന്നപ്പോ യാതൊരു വികസന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനും സിപിഎം നേതാവ് ഇ.പി.ജയരാജനുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് സെബാസ്റ്റ്യന്‍ പോളിന്റെ സ്ഥാനാര്‍ഥിത്വം. ചാനലുകളിലും മറ്റു വേദികളിലും സിപിഎമ്മിനെ വിമര്‍ശിക്കുകയും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനാര്‍ഥിയാക്കുകയും ചെയ്യുന്നത് ശരിയല്ല.
ഇത് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുമെന്നും പോസ്റ്ററുകളില്‍. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് പറ്റിയ ഏറ്റവും നല്ല എതിരാളി സരിതാ എസ്.നായരാണെന്നും പോസ്റ്ററുകളില്‍ പറയുന്നു. തൃപ്പൂണിത്തുറയുടെ വിവിധ ഭാഗങ്ങളിലാണ് സി.എം. ദിനേശ് മണിക്കെതിരെ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ദിനേശ് മണി അഴിമതിക്കാരനാണെന്ന് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നു.
തൃപ്പൂണിത്തുറയില്‍ മത്സരിക്കുന്ന കെ.ബാബുവിന് അനുയോജ്യനായ സ്ഥാനാര്‍ഥിയല്ല ദിനേശ് മണിയെന്നുമാണ് പോസ്റ്ററുകളില്‍. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ പേരില്ലാതിരുന്ന സെബാസ്റ്റ്യന്‍ പോളിന്റെയും ദിനേശ് മണിയുടെയും പേര് രണ്ടാംഘട്ടത്തിലാണ് കടന്നുവന്നത്. യുഡിഎഫ് സ്ഥാനാര്‍ഥികളായി തൃപ്പൂണിത്തുറയില്‍ കെ.ബാബുവും തൃക്കാക്കരയില്‍ ബെന്നി ബെഹനാനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.