ചവറ: ആംഗന്‍വാടിയുടെ ഷെഡ് ശോചനീയാവസ്ഥയിലായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ചവറ തോട്ടിനു വടക്ക് 150-ാം നമ്പര്‍ ആംഗന്‍വാടിയിലെ കുട്ടികളാണ് അപകട ഭീഷണിനേരിടുന്നത്. ഷെഡ്ശോചനീയാവസ്ഥയിലായിട്ട് രണ്ട് വര്‍ഷത്തോളം കഴിഞ്ഞിട്ടും അധികൃതര്‍ നിസംഗത പാലിക്കുന്നു.ആംഗന്‍വാടിക്ക് സ്വന്തമായുളള മൂന്ന് സെന്റ് സ്ഥലത്താണ് ഷെഡ് നിര്‍മിച്ചത്. ഷീറ്റ് കൊണ്ട് മറച്ച് വെയിലും, മഴയും ഏറ്റ് ഒന്ന് തിരിയാന്‍ പോലും പറ്റാത്ത തരത്തിലുളള ഈ ആംഗന്‍വാടിയില്‍ നിരവധി കുരുന്നുകളാണ് പഠിക്കാന്‍ എത്തുന്നത്.
കനത്തചൂടില്‍ ഒരു ഫാന്‍ പോലും ഇല്ലാത്ത അവസ്ഥയാണ് ഇവിടെ. ഉച്ചയാകുന്നതോടു കൂടി പൊളിഞ്ഞഭാഗത്തുനിന്നും വെയില്തട്ടുന്നതിനാല് കുഞ്ഞുങ്ങള്വിയര്ത്തൊലിക്കുന്നു. കെട്ടിട നിര്‍മാണത്തിന് നടപടി തുടങ്ങിയെങ്കിലും ചുവപ്പ് നാടയുടെ കുരുക്കിലാണ്. കാറ്റടിച്ചാല്‍ ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ് ആംഗന്‍വാടിയുടെ മേല്‍ക്കൂര. ഇതിനു സമീപത്ത് കൂടി അശാസ്ത്രീയമായ തരത്തില്‍ ഓടയും നിര്‍മിച്ചതിലൂടെ അപകടത്തെ ക്ഷണിച്ച് വരുത്തുകയാണ് ചെയ്യുന്നത്. അങ്കണവാടിക്ക് സമീപത്ത് താമസിക്കുന്ന വ്യക്തി തന്റെ സ്ഥലത്താണ് ആംഗന്‍വാടി നില്ക്കുന്നതെന്നാരോപിച്ച് കെട്ടിടം പണിയാന്‍ സമ്മതിക്കാത്തതാണ് കെട്ടിടം പണി താമസിക്കാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അന്നത്തെ വാര്ഡംഗമായിരുന്നജയപ്രകാശ് മുന്‍ കൈ എടുത്ത് ചവറ കോളേജിന്റെ സ്ഥലമായ മൂന്ന് സെന്റ്ഭൂമി ആംഗന്വാടിക്കായി നല്‍കുകയായിരുന്നു. കെട്ടിടം നിര്‍മ്മിക്കാനുളള പ്രാരംഭ പ്രവര്‍ത്തനം പോലും നടന്നിട്ടില്ല.
ഏതായാലും അധികൃതര്‍ ശീതീകരിച്ച മുറിയില്‍ ഇരിക്കുമ്പോഴും ഈ കുരുന്നുകള്‍ ചൂടും മഴയും കൊളളാന്വിധിക്കപ്പെടുകയാണ്.