കൊല്ലം: പോലീസ് സേനയുടെ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് ശിക്ഷാവിധിയെന്ന് കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ച ജില്ലാ ക്രൈംബ്രാഞ്ച് എസിപി ആര്‍ ജയശങ്കര്‍ പറഞ്ഞു. ഡിജിപി മുതല്‍ സിവില്‍ പോലീസ് ഓഫീസര്‍ വരെയുള്ളവര്‍ ഒരുമിച്ച് നടത്തിയ ദൗത്യമാണ് വിജയത്തില്‍ കലാശിച്ചത്. ആട് ആന്റണി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് അന്ന് സിറ്റി പോലീസ് കമ്മിഷണറായിരുന്ന ദേബേഷ് കുമാര്‍ ബഹ്‌റയാണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയത്. ഇതിനുപുറമെ രാജ്യമെങ്ങുമുള്ള മലയാളികളും മാധ്യമങ്ങളും ആട് ആന്റണി യെ ശ്രദ്ധാകേന്ദ്രമാക്കിയതോടെ അയാളെ പിടികൂടാന്‍ കഴിയുമെന്ന പൂര്‍ണവിശ്വാസം പോലീസിനുണ്ടായതായും എസിപി പറഞ്ഞു.
പാലക്കാട് ചിറ്റൂര്‍ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെങ്കിലും ഇതിന് പിന്നില്‍ കൊല്ലം പോലീസിന്റെ പൂര്‍ണ പ്രയത്‌നമായിരുന്നു. പ്രതിയെ പിടികൂടി 90 ദിവസത്തിനുള്ളില്‍ തന്നെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞു.പരവൂര്‍ സിഐമാരായിരുന്ന ജവഹര്‍ ജനാര്‍ദ്, വിഎസ് ബിജു എന്നിവരാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് കൊല്ലം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
മൂന്നുവര്‍ഷം പോലീസിനെ വട്ടംചുറ്റിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന ആട് ആന്റണിയെ പാലക്കാട് ഗോപാലപുരത്ത് നിലവിലെ ഭാര്യ ബിന്ദുവിന്റെ വീട്ടില്‍ നിന്ന് പാലക്കാട് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുനില്‍കുമാറും ചിറ്റൂര്‍ സിഐ സിദ്ധിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 2015 ഒക്‌ടോബര്‍ 13നാണ് പിടികൂടിയത്. മണിയന്‍പിള്ളയുടെ കൊലപാതകം നടന്നത് 2012 ജൂണ്‍ 26ന് പുലര്‍ച്ചെയായിരുന്നു. നാല് വര്‍ഷത്തിനുശേഷം മറ്റൊരു ജൂണ്‍ മാസത്തില്‍ വിചാരണ ആരംഭിക്കുകയും ചെയ്തു.