പീരുമേട്: ആത്മഹത്യ ചെയ്ത തൊഴിലാളിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് തൊഴില്‍വകുപ്പിന്റെ നോട്ടീസ്. മൂന്നു മാസം മുമ്പ് ആത്മഹത്യ ചെയ്ത വാഗമണ്‍ എം.എം.ജെ എസ്റ്റേറ്റിലെ പി.ജെ ഏബ്രഹാമി(54)ന്റെ പേരിലാണ് നേരില്‍ ഹാജരാകണമെന്ന് പറഞ്ഞ് പീരുമേട് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നോട്ടീസയച്ചത.് എസ്റ്റേറ്റില്‍ നിന്നും വിരമിച്ച സമയത്ത് ഗ്രാറ്റുവിറ്റി ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് ഏബ്രഹാം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു.
തുടര്‍ നടപടിയായി എസ്റ്റേറ്റ് വക ഭൂമി ജപ്തി ചെയ്ത് പണം ഈടാക്കി നല്‍കുന്നതിനു റവന്യൂ വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അന്നത്ത വാഗമണ്‍ വില്ലേജ് ഓഫീസര്‍ കോടതി ഉത്തരവ് പൂഴ്ത്തി വച്ചതിനാല്‍ ഏബ്രഹാമിന് അര്‍ഹിച്ച ആനൂകൂല്യം ലഭിച്ചില്ല. ഈ കാരണം ചൂണ്ടിക്കാട്ടി ഏബ്രഹാം കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്കു നിര്‍ദേശം നല്‍കി. എന്നാല്‍ പണം ലഭിക്കാന്‍ പിന്നെയും കാലതാമസം നേരിട്ടു. ഒടുവില്‍ കടബാദ്ധ്യത വര്‍ധിച്ചതിനെത്തുടര്‍ന്ന് ഏബ്രഹാം ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ ഈ വിവരം അറിയാതെയാണ് നേരിട്ട് എത്തണമെന്നു കാട്ടി തൊഴില്‍ വകുപ്പ് നോട്ടീസയച്ചിരിക്കുന്നത്.