തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ കനത്ത പോളിംഗ്. ഇതുവരെ 10 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെല്ലാം പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്. തെക്കന്‍ കേരളത്തിന്റെ പല ഭാഗത്തും രാവിലെ മഴ പെയ്‌തെങ്കിലും പോളിംഗിനെ ബാധിച്ചിട്ടില്ല. തിരുവനന്തപുരത്ത് മാത്രമാണ് പോളിംഗ് മന്ദഗതിയില്‍ പുരോഗമിക്കുന്നത്. തീരദേശ മേഖലകളിലും രാവിലെ കനത്ത പോളിംഗാണ് രോഖപ്പെടുത്തുന്നത്.
പ്രമുഖരെല്ലാം രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഗവര്‍ണര്‍ പി.സദാശിവം, നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍, കെ.ബാബു, സുരേഷ് ഗോപി എംപി തുടങ്ങി നിരവധി പേര്‍ രാവിലെ തന്നെ വോട്ട് ചെയ്തു.
കോഴിക്കോട് പേരാമ്പ്രയില്‍ വോട്ട് ചെയ്യാന്‍ ക്യൂ നിന്ന ഒരാള്‍ കുഴഞ്ഞു വീണ് മരിച്ചു. കൈയ്താംപൊയിലില്‍ കുഞ്ഞബ്ദുള്ള ഹാജി(70) ആണ് മരിച്ചത്. പേരാമ്പ്ര സികെജി കോളജ് പോളിംഗ് ബൂത്തിലാണ് സംഭവം.
ആദ്യ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ നേരിട്ടെങ്കിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തകരാര്‍ പരിഹരിച്ചു. കേന്ദ്ര സേനയും സംസ്ഥാന പോലീസും കനത്ത സുരക്ഷയാണ് പോളിംഗിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.