ആനുകൂല്യങ്ങള്‍ ലഭിക്കാതെ കളിമണ്‍പാത്ര നിര്‍മാണത്തൊഴിലാളികള്‍; ദുരിതക്കയത്തില്‍ കുംഭാര ക്കോളനി

tcr-kalimannirmanamവടക്കാഞ്ചേരി: പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും പരമ്പരാഗത തൊഴിലാളി കുടുംബങ്ങള്‍ക്ക് കൂട്ട് നിത്യദുരിതവും പട്ടിണിയും പരിവട്ടവും മാത്രം. ആധുനിക കാലഘട്ടത്തില്‍ മണ്‍പാത്രങ്ങള്‍ വെറും പ്രദര്‍ശനവസ്തുക്കളാകുമ്പോള്‍ പട്ടിണിയോട് മല്ലിടേണ്ട ഗതികേടിലാണ് കുംഭാര സമുദായക്കാര്‍. ആധുനികവല്‍ക്കരണം സ്വപ്‌നം കാണുമ്പോള്‍ അധികൃതരുടെ അവഗണന ഏറ്റുവാങ്ങുകയാണ് ഈ സമുദായം.

വടക്കാഞ്ചേരിക്കടുത്ത് കുമരനെല്ലൂര്‍ ഒന്നാംകല്ല് ചെട്ടികുന്ന് കുംഭാര കോളനി നിവാസികള്‍ ഇപ്പോഴും മണ്‍പാത്ര നിര്‍മാണ രംഗത്ത് സജീവമാണെങ്കിലും ഒരു ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. 20 വര്‍ഷം മുമ്പ് ഈ കോളനിയിലേക്ക് അനുവദിച്ച പക്കമില്‍ (മണ്ണ് അരയ്ക്കുന്ന മെഷീന്‍) 80 ശതമാനം പണികള്‍ പൂര്‍ത്തിയായിട്ടും ഇപ്പോഴും യന്ത്രം നോക്കുകുത്തിയായി നില്‍ക്കുകയാണ്. രണ്ടുമാസം മുമ്പ് കോളനിയില്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ പി.കെ.ബിജു എംപിയുടെ ശ്രദ്ധയില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നു എംപി ഉറപ്പ് നല്‍കിയിരുന്നുവെന്ന് കോളനിനിവാസികള്‍ പറയുന്നു.

എന്നാല്‍ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. യന്ത്രം പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വൈദ്യുതി ലഭിക്കാത്തതാണ് ഗുരുതര പ്രതിസന്ധിക്ക് കാരണമായത്. ഇപ്പോഴും പഴഞ്ചന്‍ വീലുകള്‍ ഉപയോഗിച്ചാണ് ഇവര്‍ മണ്ണരയ്ക്കുന്നത്. അതുകൊണ്ടുതന്നെ വലിയ അധ്വാനവും സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്നു. കോളനിയില്‍ താമസിക്കുന്നവര്‍ക്ക് വാസയോഗ്യമായ വീടുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇവര്‍ക്കില്ല.     ഇതിനിടയില്‍ 20 വര്‍ഷം മുമ്പ് ലഭിച്ച പക്കമില്‍ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ഒരുങ്ങുകയാണ് കുമരനെല്ലൂര്‍ ഒന്നാംകല്ല് ചെട്ടിക്കുന്ന് കുംഭാര കോളനിനിവാസികള്‍.

Related posts