ആമോദത്തോടെ ഓണമുണ്ണാം; വിഷമില്ലാത്ത പച്ചക്കറികളുമായി കുടുംബശ്രീ

ktm-kudumbasreeകടുത്തുരുത്തി: മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി നാട്ടുകാര്‍ ഓണമുണ്ണുന്നത് വിഷരഹിതമായ പച്ചക്കറി ഉപയോഗിച്ച് കുടുംബശ്രീകളുടെ നേതൃത്വത്തില്‍ ഓരോ പഞ്ചായത്തിലും മാസങ്ങള്‍ക്കു മുമ്പേ ജൈവപച്ചക്കറി കൃഷികള്‍ ആരംഭിച്ചിരുന്നു. ഇത്തര ത്തില്‍ ഉണ്ടാക്കിയ പച്ചക്കറികള്‍ കുടുംബശ്രീകളുടെയും സഹകരണ ബാങ്കുകളുടെയും കൃഷി വകുപ്പിന്റെയുമെല്ലം നേതൃത്വത്തില്‍ ഓണച്ചന്തകളിലുടെ വിറ്റഴിക്കുകയാണ്. ന്യായവിലയില്‍ നാടന്‍പച്ചക്കറികള്‍ നാട്ടില്‍തന്നെ ലഭ്യമായതിന്റെ സന്തോഷം നാട്ടുകാര്‍ക്കുമുണ്ട്. മാര്‍ക്കറ്റിലേതിനെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് കുടുംബശ്രീക്കാരുടെ പച്ചക്കറികള്‍ വിപണയില്‍ ലഭിക്കുന്നത്.

വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിക്കുക യെന്നതിനൊപ്പം ഓരോ കുടുംബത്തിനും ആവശ്യമായ പച്ചക്കറിയുള്‍പെടെയുള്ള ആഹാരപദാര്‍ ത്ഥങ്ങള്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുക, വികേന്ദ്രീകൃത മാലിന്യ സംസ്കാരണ പ്രവര്‍ത്തനങ്ങള്‍ പരിചയപെടുത്തി ഉപയോഗത്തില്‍ കൊണ്ടു വരിക, പ്രാദേശിക ജലസ്രോതസുകളെ പുനര്‍ജീവിപ്പിക്കുക, മെച്ചപെട്ട ജീവിതശൈലിയിലേക്ക് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ ഉയര്‍ത്തുക തുടങ്ങിയവ പദ്ധതി കൊണ്ട് ലക്ഷ്യമിട്ട മറ്റു നേട്ടങ്ങളാണ്. ശുദ്ധജലം, മാലിന്യസംസ്കരണം, മികച്ച ജീവിതശൈലി, നല്ല ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പഞ്ചശീലകാര്‍ഷിക, ആരോഗ്യ സംസ്ക്കാരം എന്നിവ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു പദ്ധതിയുടെ മുദ്രാവാക്യം.

പഞ്ചായത്തുകളിലെ ഓരോ അയല്‍ക്കൂട്ടങ്ങളും സ്വന്തമായി അല്ലെങ്കില്‍ പാട്ടത്തിനെടുത്ത മൂന്ന് സെന്റ് സ്ഥലത്ത് കൃഷി ചെയ്യണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. രണ്ട് മാസം കൊണ്ട് വിളവെടുക്കുന്ന വിത്തിനങ്ങള്‍, രണ്ട് ഫലവൃഷതൈകളും ഒരു കറിവേപ്പിന്‍ തൈ എന്നിവയാണ് നട്ടത്. വിത്തുകള്‍ കൃഷിഭവനുകള്‍ സൗജന്യമായി നല്‍കി. തക്കാളി, ചീര, മുളക്, വെണ്ട, പയര്‍, പടംവലം, ഏത്തയ്ക്കാ, മാങ്ങാ, മുരിങ്ങായ്ക്കാ, പാവയ്ക്കാ, കോവല്‍, മത്തങ്ങാ, ചേന, ചേമ്പ് എന്നിവയെല്ലാം ഇക്കുറി വീട്ടമ്മമാരും വനിതകളും സമൃദ്ധമായി ചെയ്തു.

ജില്ലയില്‍ 78 സി ഡി എസിലായി 14928 അയല്‍ക്കൂട്ടങ്ങള്‍, ബാലസഭയുടെ  പങ്കാളിത്തതോടെ 450 ഏക്കറോളം വരുന്ന സ്ഥലത്താണ് ഇത്തരത്തില്‍ കൃഷിയിറക്കിയത്. സംസ്ഥാനത്തൊട്ടാകെ കുടുംബശ്രീയില്‍ അംഗങ്ങളായ 41.72 ലക്ഷം കുടുംബങ്ങള്‍ പങ്കാളിയായ കാര്‍ഷികയജ്ഞത്തിലൂടെ 2,53,446 അയല്‍കൂട്ടങ്ങളുടെ നേതൃത്വത്തില്‍ 7603.38 ഏക്കറിലാണ് ഇത്തരത്തില്‍ പുതുതായി കൃഷി ചെയ്തത്. 277 കുടുംബശ്രീകളാണ് കടുത്തുരുത്തി പഞ്ചായത്തിന്റെ  കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

കടുത്തുരുത്തി പഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ നിര്‍വഹിച്ചു. ആദ്യവില്‍പന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമ്മ ജോസഫ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സിനി ആല്‍ബര്‍ട്ട്, തോമസ് വെട്ടുവഴി, ടി.സി. പ്രമോദ്, അച്ചാമ്മ, അനില്‍കുമാര്‍, മാത്യു പുല്ലുകാലാ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാധാമണി പ്രസാദ്, തങ്കമണി കുര്യാക്കോസ്, അമ്മിണിക്കുട്ടി ചാക്കോ, ഒ.എം. മത്തായി, മേരി ജോണി, ലൈസാമ്മ സിബി, ബീപ്തി, മേഴ്‌സി സാബു, ഉഷാ രാജന്‍, സിഡിഎസ്, എഡിഎസ് കുടംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Related posts