കൊച്ചി: ലിബിയില്‍ കുടുങ്ങിക്കിടന്ന മലയാളി നഴ്‌സുമാര്‍ തിരിച്ചെത്തി. ലിബിയിലെ ട്രിപ്പോളിയില്‍ സാവിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരടക്കം 18 പേരാണ് നാട്ടിലെത്തിയത്. ഇവരെ നോര്‍ക്ക ഇടപ്പെട്ട് ഇസ്താംബൂള്‍ വഴി ദുബായിയില്‍ നിന്നും എമിറേറ്റ്‌സിന്റെ ഇ.കെ. 530 ഫളൈറ്റിലാണ് നെടുമ്പാശേരിയിലെത്തിച്ചത്. ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് കഴിഞ്ഞ 47 ദിവസമായി ഇവര്‍ അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു.
ആറ് മലയാളി കുടുംബങ്ങളും മൂന്ന് തമിഴ് കുടുംബങ്ങളുമടക്കം 29 ഇന്ത്യക്കാരാണ് ട്രിപ്പോളിയില്‍ കുടുങ്ങിക്കിടന്നത്. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്നുളള നഴ്‌സുമാര്‍ ചെന്നൈയിലേക്ക് തിരിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ മലയാളി നഴ്‌സുമാര്‍ക്ക് നോര്‍ക്ക വഴി 2000 രൂപ അടിയന്തിര സഹായവും വീട്ടിലേക്ക് പോകുന്നതിനുള്ള വാഹനസൗകര്യവും ഏര്‍പ്പെടുത്തി നല്‍കി. അതേസമയം വന്നതു സ്വന്തം പണം മുടക്കിയാണെന്നും കേന്ദ്രം സഹായിച്ചില്ലെന്നു നഴ്‌സുമാര്‍ ആരോപിച്ചു.