പത്തനംതിട്ട: പത്തനംതിട്ടയ്ക്ക് ഒരു വിമാനത്താവളമെന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ചര്‍ച്ചയായിരുന്നില്ല. ആറന്മുളയിലെ വിമാനത്താവളത്തെ സംബന്ധിച്ച ചര്‍ച്ചയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി കെ.ശിവദാസന്‍ നായര്‍ വെല്ലുവിളി നടത്തിയെങ്കിലും അടഞ്ഞ അധ്യായമെന്ന പേരില്‍ മറ്റു രണ്ടു മുന്നണികളും വിഷയത്തില്‍ താത്പര്യം കാട്ടിയില്ല.
എന്നാല്‍ പ്രചാരണം അവസാനിക്കുമ്പോള്‍ പത്തനംതിട്ടക്കാര്‍ക്ക് ഒരു വിമാനത്താവളം വേണ്ടതല്ലേയെന്ന് കൂടുതലായി ചര്‍ച്ച നടക്കുന്നത് ബിജെപി മുന്നണിയിലാണ്. തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയ ബിജെപി കേന്ദ്ര നേതാക്കളും കേന്ദ്രമന്ത്രിമാരും ചലച്ചിത്രതാരം സുരേഷ് ഗോപി പോലും മനസുകൊണ്ട് പത്തനംതിട്ടയില്‍ ഒരു വിമാനത്താവളം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി. ഇതോടെയാണ് ആറന്മുളയില്‍ വിമാനത്താവളത്തിനെതിരെ സമരം ചെയ്തവര്‍ നിലപാടില്‍ ചെറിയ അയവു വരുത്തി തുടങ്ങിയത്.
സുരേഷ ്‌ഗോപി തന്നെ യോഗങ്ങളില്‍ അതു വ്യക്തമാക്കുന്നുമുണ്ട്. ആറന്മുള ഒഴികെ പത്തനംതിട്ടയില്‍ എവിടെ വേണമെങ്കിലും വിമാനത്താവളം ആകാമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. ഇതിനുള്ള ശ്രമം അദ്ദേഹം നടത്തുമെന്നും പറയുന്നു. മണ്ണും കല്ലും ഇടാതെ പത്തനംതിട്ടയില്‍ മറ്റെവിടെയെങ്കിലും വിമാനത്താവളം പണിയാനാകുമോയെന്നു താരം വ്യക്തമാക്കിയിട്ടില്ല. ആറന്മുള വിട്ട് പുറത്തേക്കു പോകുമ്പോള്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലേയെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനും മറുപടി തത്ക്കാലം ഇല്ല.
ആകാശത്തുനിന്ന് പത്തനംതിട്ടയിലേക്ക് ഒന്നിറങ്ങാന്‍ തെരഞ്ഞെടുപ്പുകാലത്ത് ഏറ്റവുമധികം ബുദ്ധിമുട്ടിയതും ബിജെപി നേതാക്കളാണ്. റാന്നിയിലെത്താന്‍ സുരേഷ് ഗോപി കാഞ്ഞിരപ്പള്ളിയില്‍ ആദ്യം ഇറങ്ങാന്‍ ആലോചിച്ചു. നടക്കാതെ വന്നപ്പോള്‍ നെടുമ്പാശേരിയില്‍ ഇറങ്ങി റാന്നിയിലെത്തി. അപ്പോഴേക്കും രാവിലെ തീരുമാനിച്ച റോഡ്‌ഷോ പൊളിഞ്ഞു. ഇന്നലെ അടൂരിലെത്തുമെന്നു പറഞ്ഞ താരത്തിന് അവിടെയും സമയനിഷ്ഠ പാലിക്കാനായില്ല. ആകാശത്തുവട്ടമിട്ട് ഒടുവില്‍ പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇറങ്ങി.
അമിത്ഷായെയും രാജേന്ദ്രനാഥ് സിംഗിനെയും താഴെയിറക്കാന്‍ പെരുനാട്ടിലെ ഹെലിപ്പാഡ് വേണ്ടിവന്നു. മീനാക്ഷി ലേഖി നെടുമ്പാശേരിയില്‍ ഇറങ്ങി റോഡുമാര്‍ഗം പത്തനംതിട്ടയിലെത്തിയപ്പോഴേക്കും സന്ധ്യയായി. നരേന്ദ്രമോദിക്ക് ഏതായാലും പത്തനംതിട്ടയില്‍ പരിപാടി ഉണ്ടായിരുന്നില്ല. വെള്ളാപ്പള്ളി നടേശന്‍ ഹെലികോപ്ടറില്‍ വരാതിരുന്നത് മെച്ചമായി.
നെടുമ്പാശേരിയിലും തിരുവനന്തപുരത്തും വിമാനത്താവളം ഉള്ളപ്പോള്‍ പത്തനംതിട്ടയില്‍ അതിന്റെ ആവശ്യമില്ലെന്നും രാജ്യാന്തര വിമാനത്താവളം പോലും നഷ്ടത്തിലാണെന്നും പ്രചരിപ്പിച്ചവരൊക്കെ ഏതായാലും ഇപ്പോള്‍ വിമാനത്താവളത്തിന്റെ ആവശ്യകത അംഗീകരിച്ചു തുടങ്ങിയിരിക്കുകയാണെന്ന് കെ.ശിവദാസന്‍ നായരുടെ അഭിപ്രായം. ആറന്മുള ഒഴികെ എവിടെയും വിമാനത്താവളം വരുന്നതിനുവേണ്ടി തങ്ങള്‍ നിലകൊള്ളുമെന്ന് എം.ടി. രമേശും. 2011ലെ തെരഞ്ഞെടുപ്പില്‍ ആറന്മുള വിമാനത്താവളം അനുമതി നേട്ടമായി വിവരിച്ച പ്രചാരണം നടത്തിയ എല്‍ഡിഎഫിന് ഇത്തവണ ഇതു വിഷയമേ ആയിരുന്നില്ല. പാസ്‌പോര്‍ട്ട് ഓഫീസില്ലാത്ത പത്തനംതിട്ടക്കാര്‍ക്ക് എന്തു വിമാനത്താവളമെന്നതാണ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ പ്രതികരണം.