ജയിക്കാനായി അനില്‍ കുംബ്ലെയും വിരാടും

fb-cricket ആന്റിഗ്വ: സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്ന ഇതിഹാസതാരത്തിന്റെ പേരിലുള്ള സ്റ്റേഡിയത്തില്‍ ഇന്ന് കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ മനസ്സില്‍ എന്താണുണ്ടാവുക. കോഹ്‌ലി ടെസ്റ്റ് ക്യാപ്റ്റനായി സ്ഥാനമേറ്റതിനു ശേഷം ഉപഭൂഖണ്ഡത്തിനു വെളിയില്‍ ഇന്ത്യ ടെസ്റ്റ് കളിക്കുന്നത് ഇതാദ്യമാണ്. കരീബിയന്‍ മണ്ണില്‍ പരമ്പര നേടി തന്റെ നായക മികവ് തെളിയിക്കാനുള്ള അവസരമാണ് കോഹ്‌ലിക്കു കൈവന്നിരിക്കുന്നത്. ടീമുകളുടെ താരതമ്യത്തില്‍ ടീം ഇന്ത്യ ബഹുദൂരം മുന്നിലാണെങ്കിലും വിന്‍ഡീസിനെ സ്വന്തം നാട്ടില്‍ എഴുതിത്തള്ളാന്‍ വയ്യ. ഇന്ത്യന്‍ ക്രിക്കറ്റിലെ മിസ്റ്റര്‍ പെര്‍ഫക്്ഷനിസ്റ്റ് അനില്‍ കുംബ്ലെയ്ക്ക് പരിശീലകനെന്ന നിലയില്‍ ആദ്യമത്സരം കൂടിയാണിത്. ഇതേവേദിയില്‍ പൊട്ടിയ താടിയെ ല്ലുമായി മത്സരം കളിച്ച ചരിത്രവും കുംബ്ലെ യ്ക്കുണ്ട്.

വെസ്റ്റിന്‍ഡീസും ഇന്ത്യയും തമ്മില്‍ നടക്കുന്ന 22-ാമത്തെ പരമ്പരയാണിത്. വെസ്റ്റിന്‍ഡീസ് ആതിഥേയമരുളുന്ന പതിനൊന്നാമത്തെയും. വിന്‍ഡീസില്‍ നടന്ന പരമ്പരകളില്‍ ഏഴെണ്ണം ആതിഥേയര്‍ വിജയിച്ചപ്പോള്‍ മൂന്നെണ്ണം ഇന്ത്യ നേടി. രണ്ടു പരമ്പരകള്‍ സമനിലയിലായി. വിന്‍ഡീസില്‍ നടന്ന 45 മത്സരങ്ങളില്‍ അഞ്ചെണ്ണം മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്. വിന്‍ഡീസ് 16 എണ്ണം വിജയിച്ചപ്പോള്‍ ബാക്കി മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

പഴയ പ്രതാപത്തിന്റെ നിഴലിലാണെങ്കിലും ട്വന്റി-20 ലോകകപ്പ് വിജയം ടീമംഗങ്ങളില്‍ ഒരു പുതിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. എല്ലാക്കാലത്തും വിന്‍ഡീസിന്റെ അഭിമാനമായിരുന്ന പേസ് ബൗളിംഗ് അതിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ്. കഴിഞ്ഞ 31 ടെസ്റ്റുകളില്‍ നിന്നും എല്ലാ പേസ് ബൗളര്‍മാര്‍ക്കുംകൂടി നേടാനായത് വെറും 56 വിക്കറ്റുകള്‍ മാത്രം. ഇക്കാലയളവില്‍ ഒരു അഞ്ചു വിക്കറ്റ് നേട്ടം പോലുമില്ലയെന്നും ഓര്‍ക്കുക. ജെറോം ടെയ്‌ലര്‍ വിരമിച്ചതും കീമര്‍ റോച്ചിനെ ഒഴിവാക്കിയതും വിന്‍ഡീസിന് ക്ഷീണമായി.

തുടരെത്തുടരെ ടെസ്റ്റ് കളിച്ചതിനാല്‍ ടീമിന് വേണ്ടത്ര വിശ്രമത്തിനു സമയം കിട്ടിയില്ലെന്നും ലോകത്തിലെ ഏറ്റവും സൂക്ഷിക്കേണ്ട ടീമുകളിലൊന്നാണ് ഇന്ത്യയെന്നും വിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ് പറയുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന പരമ്പരയില്‍ അതി ദയനീയ പ്രകടനമായിരുന്നു വിന്‍ഡീസ് ടീമിന്റേത്.

സ്റ്റേഡിയത്തില്‍ ഡ്രസിംഗ് റൂം സ്ഥിതിചെയ്യുന്ന ഭാഗത്ത് സാന്‍ ഷെരീഫ് ലിപിയില്‍ ഇങ്ങനെ എഴുതിവച്ചിരിക്കുന്നു ‘ സര്‍ ആന്‍ഡി റോബര്‍ട് എ’ഡ്’ ഇതിനു നേരേ എതിര്‍ ഭാഗത്തിന് കര്‍ട്‌ലി ആബ്രോംസ് എന്‍ഡ് എന്നാണ് പേര്. ഈ രണ്ടു മഹാരഥന്മാരും കൂടി 145 ടെസ്റ്റുകളില്‍ നിന്നും എതിരാളികളുടെ 607 വിക്കറ്റുകളാണ് വീഴ്ത്തിയത്. 22.53 എന്ന അതിശയ ശരാശരിയും. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വെറും രണ്ടു വിക്കറ്റു മാത്രമാണ് പ്രധാന ബൗളറായ കീമര്‍ റോച്ചിന് നേടാന്‍ കഴിഞ്ഞത് എന്നോര്‍ക്കുക. ശരാശരിയാകട്ടെ 252ഉം.

കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, ഷാനോന്‍ ഗബ്രിയേല്‍, ജാസണ്‍ ഹോള്‍ഡര്‍, മിഗ്വേല്‍ കമ്മിന്‍സ് എന്നിവരാണ് നിലവില്‍ കരീബിയന്‍ പേസ് നിരയിലുള്ളത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് രാംധിനെ ടീമില്‍ നിന്നൊഴിവാക്കിയത് ഏവരേയും അദ്ഭുതപ്പെടുത്തി. ക്രെയിഗ് ബ്രാത് വെയ്റ്റ്, ഡാരന്‍ ബ്രാവോ എന്നിവരിലാര്‍ക്കെങ്കിലുമായിരിക്കും വിക്കറ്റ് കീപ്പറാവുക. മര്‍ലോണ്‍ സാമുവല്‍സില്‍ കേന്ദ്രീകൃതമായ ബാറ്റിംഗ് നിരയാണ് വിന്‍ഡീസിന്റേത്. ട്വന്റി20യില്‍ മികച്ച ഫോമിലാണെങ്കിലും കഴിഞ്ഞ 9 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ സാമുവല്‍സ് 20 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്തത് ഒരു തവണ മാത്രമാണ് എന്നത് അവരെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്.

2002 ഒക്ടോബറിനു ശേഷം വിന്‍ഡീസിന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നീടു നടന്ന 15 ടെസ്റ്റുകളില്‍ എട്ടെണ്ണത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ഏഴെണ്ണം സമനിലയായി. 2015നു ശേഷം കളിച്ച 21 ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ ഒന്നില്‍പ്പോലും ഓപ്പണിംഗ് വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ വിന്‍ഡീസിന് കഴിഞ്ഞിട്ടില്ല. റണ്ണൊഴുകുന്നതാണ് ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ് സ്റ്റേഡിയത്തിന്റെ ചരിത്രം. അവസാന 12 ഇന്നിംഗ്‌സുകളില്‍ ഏഴെണ്ണത്തിലും ടീം സ്‌കോര്‍ 300 കടന്നു.

272 റണ്‍സാണ് ഏറ്റവും കുറഞ്ഞ സ്‌കോര്‍. കഴിഞ്ഞ ഒരു ദശാബ്ദത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വിന്‍ഡീസ് പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്കാണ് മേല്‍ക്കൈ എന്നു വ്യക്തമാവും. 2006 മുതല്‍ നടന്ന 41 ടെസ്റ്റുകളിലായി 24 പ്രാവശ്യം സ്പിന്നര്‍മാര്‍ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു. 1995-2005 കാലയളവില്‍ 51 ടെസ്റ്റുകളില്‍ 13 തവണ മാത്രമായിരുന്നു ഈ നേട്ടം. ഇന്ത്യയുടെ ടോപ് സ്പിന്നര്‍ അശ്വിന്റെ ഉപഭൂഖണ്ഡത്തിനു പുറത്തുള്ള പ്രകടനം അത്ര ആശാവഹമല്ലതാനും. കഴിഞ്ഞ പര്യടനത്തില്‍ 22 വിക്കറ്റുകള്‍ നേടിയ ഇഷാന്ത് ശര്‍മയാണ് തിളങ്ങിയത്.

ബാറ്റിംഗില്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും അജിന്യാ രഹാനെയുമാണ് മുഖ്യ പ്രതീക്ഷകള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഫിറോസ്ഷാ കോട്‌ലയില്‍ രണ്ടിന്നിങ്‌സിലും സെഞ്ചുറി നേടിയ രഹാനെ ഉജ്ജ്വല ഫോമിലാണ്. മുരളി വിജയ്‌ക്കൊപ്പം ധവാനോ കെ.എല്‍ രാഹുലോ സ്ഥാനം പിടിക്കും.പരിക്കില്‍ നിന്നും മോചിതനായി മടങ്ങിവന്ന പൂജാരയും ഫോമിലാണ്. വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റിനു പിന്നില്‍. മുഹമ്മദ് ഷാമിയും ഇഷാന്ത് ശര്‍മയും ചേര്‍ന്നാണ് പേസ് ആക്രമണം നയിക്കുക. അശ്വിനും ജഡേജയും സ്പിന്നര്‍മാരാകും. സ്റ്റുവര്‍ട്ട് ബിന്നി, അമിത് മിശ്ര, ഭുവനേശ്വര്‍ എന്നിവരിലൊരാള്‍ക്കേ ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കൂ.ിഗ്വേല്‍ കമ്മിന്‍സ്,റോസ്റ്റണ്‍ ചേസ് എന്നിവര്‍ വിന്‍ഡീസ് നിരയില്‍ അരങ്ങേറ്റം കുറിക്കും.

Related posts