ആലപ്പുഴ: ദേശീയപാതയില്‍ കൊങ്ങിണി ചുടുകാടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിന് പിന്നില്‍ അരി കയറ്റിവന്ന ലോറിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസ് റോഡരുകിലെ ഇലക്ട്രിക് പോസ്റ്റിടിച്ച് തകര്‍ത്തു. വൈദ്യുതി ലൈനുകളും പൊട്ടിവീണു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം. ലോറി ക്ലീനര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്നു. വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ജീവനക്കാരെത്തിയ ബസ് സൂപ്പര്‍ ഫാസ്റ്റ് ബസിന് സമീപം നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് അരി കയറ്റിവന്ന ലോറി പിന്നിലിടിച്ചത്. അപകടത്തെത്തുടര്‍ന്ന് കുറച്ചുസമയം ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്‌പെട്ടു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഒരു വശത്തുകൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.