ആലപ്പുഴ ബീച്ചില്‍ പട്ടം പറത്തല്‍ സജീവം; നിരോധിക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി

fa-pattam

ആലപ്പുഴ: ഓണക്കാലമായതോടെ ആലപ്പുഴ ബീച്ചില്‍ പട്ടം പറത്തല്‍ സജീവമായി. നിരോധിക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി അധികൃതര്‍ രംഗത്തെത്തി. പൊട്ടിയ പട്ടങ്ങളുടെ അവശിഷ്ടങ്ങള്‍ വൈദ്യുതി ലൈനില്‍ വീണ് തുടര്‍ച്ചയായി വൈദ്യുത തടസം നേരിട്ടതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ പ്രദേശങ്ങളില്‍ പട്ടം പറത്തുന്നത് മുമ്പു നിരോധിച്ചിരുന്നു. ഈ നിരോധനം ലംഘിച്ചാണ് ഇപ്പോള്‍ പട്ടം പറത്തല്‍ സജീവമായതെന്നു കെഎസ്ഇബി അധികൃതര്‍ പറയുന്നു. വൈദ്യുതി വിതരണത്തിനുമാത്രമല്ല ഇതുമൂലം തടസം നേരിടുന്നതെന്നും വൈദ്യുതി അപകടങ്ങള്‍ക്കും ഇടവരുത്തുന്നതായും ആലപ്പുഴ ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു.

ബീച്ചില്‍ ഞായറാഴ്ചകളിലും മറ്റും നിരവധി വിനോദ സഞ്ചാരികളും തദ്ദേശീയരുമാണ് എത്തുന്നത്. പട്ടം പറത്തല്‍ പലപ്പോഴും സഞ്ചാരികള്‍ക്കും അപകടങ്ങള്‍ വരുത്തുന്നതായി ആക്ഷേപമുണ്ട്. പട്ടത്തിന്റെ നൂലാണ് അപകടകാരിയാകുന്നത്. ബീച്ചിലൂടെ നടക്കുന്നവരുടെ മുഖത്തു നൂല്‍ പതിച്ചാണ് അപകടമുണ്ടാകുന്നത്. പട്ടം വില്പന സജീവമായതോടെ നിരവധി കച്ചവടക്കാരാണ് പട്ടവുമായി ബീച്ചില്‍ എത്തുന്നത്. ഒരു പട്ടത്തിനും നൂലിനും കൂടി 40 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. കുട്ടികളും മുതിര്‍ന്നവരുമടക്കം പട്ടം വാങ്ങുകയും ഒടുവില്‍ പട്ടം പൊട്ടിച്ചു വിടുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ പൊട്ടിയ പട്ടങ്ങളുടെ നൂലുകള്‍ വൈദ്യുതി കമ്പികളിലും മറ്റും ചുറ്റിയാണ് അപകട സാധ്യത വര്‍ധിക്കുന്നത്.

ബീച്ചില്‍ പട്ടം വില്പന വീണ്ടും സജീവമായതിനെക്കുറിച്ചു വില്പനക്കാരിലൊരാള്‍ പറഞ്ഞത് ഇങ്ങനെയാണ്: ബീച്ചിലും പരിസരപ്രദേശങ്ങളിലും പട്ടം പറത്തല്‍ നിരോധിച്ചിരുന്നെങ്കിലും ഓണക്കാലംവരെ പട്ടം വില്പന അനുവദിക്കണമെന്നു മുമ്പുണ്ടായിരുന്ന കളക്ടര്‍ ആര്‍. ഗിരിജയോട് അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് അനുവാദം നല്കുകയായിരുന്നുവെന്നും ഓണം കഴിയുന്നതോടെ പട്ടം വില്പന അവസാനിപ്പിക്കുമെന്നാണ്. എന്നാല്‍, അപകടസാധ്യത ഒളിഞ്ഞിരിക്കുന്ന പട്ടം പറത്തല്‍ ബീച്ചിലും പരിസരപ്രദേശങ്ങളിലും നിരോധിക്കണമെന്ന അഭിപ്രായമാണ് ബീച്ചില്‍ എത്തിയ പലര്‍ക്കുമുള്ളത്. പലപ്പോഴും കുട്ടികളുമായെത്തുന്നവര്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പട്ടം വാങ്ങി നല്‍കുന്നതെന്നും ഇവര്‍ പറയുന്നു.

Related posts