കോഴിക്കോട്: രോഗികളെ സഹായിക്കാനെന്ന ഭാവേന ആശുപത്രി ഒപിക്കു സമീപം ചുറ്റിക്കറങ്ങി കുട്ടികളുടെ മാല മോഷ്ടിക്കുന്ന സംഘം മെഡിക്കല്‍ കോളജ് പോലീസിന്റെ വലയിലായി. തലശ്ശേരി സ്വദേശിനിയായ 35 കാരി, ഇവരുടെ കൂട്ടാളികളായ സ്ത്രീയും, പുരുഷനും അടക്കം മൂന്നുപേരെ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് തന്ത്രപരമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഒരു മാസം മുന്‍പ് മിംസ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ കോഴിക്കോട്ടെ അഭിഭാഷകയുടെ മൂന്നു വയസുകാരിയായ മകളുടെ മാല കവര്‍ന്ന കേസിലെ അന്വേഷണത്തിലാണ് മോഷണ സംഘം വലയിലായത്. പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ കുട്ടിയുടെ ആഭരണം മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസി ടിവിയില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു. കുട്ടിയെ കളിപ്പിക്കുന്നതായി അഭിനയിച്ച് തന്ത്രപൂര്‍വം മാല മോഷ്ടിക്കുന്നതാണ് ക്യാമറയില്‍ പതിഞ്ഞത്.
ഇന്നലെ രാവിലെ ഇതേ സ്ത്രീ ആശുപത്രിയിലെ ഒപിക്ക് സമീപം ചുറ്റിക്കറങ്ങുന്നതു കണ്ട ആശുപത്രി ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചപ്പോഴേക്കും സംഘം രക്ഷപെട്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് എസ്‌ഐയുടെ നേതൃത്വത്തില്‍ മൊഫ്യസില്‍ സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ തെരച്ചില്‍ നടത്തി.തലശ്ശേരിയിലേക്ക് ട്രെയിന്‍ കയറാന്‍ കാത്തുനില്‍ക്കവെ പോലീസ് പിടികൂടുകയായിരുന്നു. ഇവര്‍ കുറ്റം സമ്മതിച്ചതായി അറിയുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.