ആലപ്പുഴ: നഗരസഭ ഇഎംഎസ് സ്റ്റേഡിയത്തിലെ അടച്ചുപൂട്ടി കിടന്നിരുന്ന 20 ഓളം കടമുറികളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തെടുത്തു. പ്ലാസ്റ്റിക്കിനു പകരം പുസ്തകം എന്ന പ്രചാരണം നടത്തി കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്തു ആലപ്പുഴ നഗരസഭാ അതിര്‍ത്തിയില്‍നിന്നും ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ശേഖരിച്ച സംസ്കരിക്കാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവയെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
സംസ്കരിക്കാനായി കേരളത്തിനു പുറത്തുള്ള കമ്പനികളിലേയ്ക്ക് കൊണ്ടുപോയെന്ന് അവകാശപ്പെട്ടിരുന്ന മാലിന്യങ്ങളാണ് ഇവയെന്നും മാരകമായ രോഗങ്ങള്‍ പരത്താന്‍ കാരണമാകുന്ന രീതിയിലാണ് ഇവ സ്റ്റേഡിയത്തിന്റെ മുറികളില്‍ കൂട്ടിയിട്ടിരുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ആര്‍. അംജിത്ത്കുമാര്‍, സെക്രട്ടറിമാരായ ഫിലിപ്പ് ചക്കാത്തറ, നിതിന്‍ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.