ലാസ് വേഗസ്: ബോക്സിംഗ് റിംഗിലെ തിരിച്ചുവരവ് ഗംഭീരമാക്കി മാനി പക്വിയാവോ. ഏഴു മാസം മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ച ഫിലിപ്പീന്‍സ് താരം രാജ്യാന്തര ബോക്സിംഗ് ഓര്‍ഗനൈസേഷന്റെ വെല്‍റ്റര്‍ വെയ്റ്റ് കിരീടം മൂന്നാം വട്ടവും നേടിയാണ് ഇടിക്കൂട്ടിലേക്കുള്ള മടങ്ങിവരവ് അവിസ്മരണീയമാക്കിയത്. മുന്‍ ചാമ്പ്യന്‍ ജെസി വെര്ഗാസിനെ റിംഗില്‍ പരാജയപ്പെടുത്തിയാണ് മുപ്പത്തേഴുകാരനായ പക്വിയാവോ കിരീടം ചൂടിയത്. മൂന്നു വിധികര്‍ത്താക്കളില്‍ രണ്ടു പേര് 118–109 എന്ന പോയിന്റു നല്കിയപ്പോള് ഒരാള്‍ 114–113 ആണ് നല്‍കിയത്.
2013–ലാണ് ആദ്യമായി പക്വിയാവോ വെല്‍റ്റര്‍ വെയ്റ്റ് കിരീടം നേടിയത്. പിന്നീട് രണ്ടുവര്‍ഷത്തിനു ശേഷം ബ്രാഡ്ലീയോടു അടിയറവു പറഞ്ഞെങ്കിലും 2014ല്‍ വീണ്ടും കിരീടം സ്വന്തമാക്കി. പ്രെഫഷണല്‍ ബോക്സിംഗില്‍ 67 മത്സരങ്ങളില്‍ 59 എണ്ണത്തില്‍ പക്വിയാവോ പരാജയമറിഞ്ഞിട്ടില്ല. ആറ് മത്സരങ്ങള്‍ തോറ്റപ്പോള്‍ രണ്ടെണ്ണം സമനിലയിലായി. 2016 ഏപ്രിലിലാണ് ബ്രാഡ്ലിയുമായുള്ള റബര്മാച്ച് ഇടിക്കൂട്ടിലെ തന്റെ അവസാന പോരാട്ടമായിരിക്കുമെന്ന് പക്വിയാവോ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ അമേരിക്കയുടെ ഫ്ളോയിഡ് മെയ്വെതറിനോട് പക്വിയാവോ പരാജയപ്പെട്ടിരുന്നു. വെല്‍റ്റര്‍വെയ്റ്റ് കിരീട പോരാട്ടം കാണാന്‍, ഇടിക്കൂട്ടില്‍നിന്നും വിരമിച്ച അമേരിക്കയുടെ മെയ്വെതര് മുന്‍നിരയിലുണ്ടായിരുന്നു.