ഇടുക്കി വാഴവരയില്‍ വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് മരിച്ചു; അമ്മയെയും സഹോദരിയെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി

sfiകട്ടപ്പന: വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് മുറിക്കുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന എസ്എഫ്‌ഐ ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് മരിച്ചു. കട്ടപ്പന വാഴവര അഞ്ചുരുളിക്ക് സമീപം കിഴക്കേപ്പറമ്പില്‍ ജോണിയുടെ മകന്‍ ജോബി ജോണിയാണ് (33) മരിച്ചത്. ഇന്ന് രാവിലെ ആറോടെയാണ് അപകടമുണ്ടായത്. ജോണിയും ഭാര്യ ചെല്ലമ്മയും സാരമായ പരുക്കുകളോടെ രക്ഷപെട്ടു.

ചെങ്കുത്തായ മലയടിവാരത്തിലാണ് അപകടം നടന്ന സ്ഥലം. ഏതാനും ദിവസങ്ങളായി മഴ ചെയ്തു നില്‍ക്കുകയായിരുന്നു. ഏറെ മുകളില്‍നിന്നാണ് പാറയും മണ്ണും അടര്‍ന്നു വീണത്. വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുള്ളവര്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. മണ്ണിനടയില്‍പ്പെട്ട ജോബിയെ ഏറെ നേരത്തെ തിരച്ചിലിനുശേഷമാണ് കണ്ടെത്താനായത്. അപ്പോഴേക്കും മരിച്ചിരുന്നു.

ഏതാനും ദിവസങ്ങളായി കട്ടപ്പനയിലെ പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസില്‍ തങ്ങിയിരുന്ന ജോബി ഇന്നലെ രാത്രിയാണ് വീട്ടിലേക്ക് പോയത്. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നു പുറത്തെടുത്ത ജോബിയുടെ മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്നു.

Related posts