ലീസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം ലീസ്റ്റര്‍ സിറ്റി സ്റ്റൈലായി തന്നെ കൈക്കലാക്കി. സ്വന്തം കിംഗ് പവര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എവര്‍ട്ടണെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് കിരീടത്തില്‍ ആദ്യമായി മുത്തമിട്ടു. കഴിഞ്ഞ തിങ്കളാഴ്ച ചെല്‍സി-ടോട്ടനം ഹോട്‌സ്പര്‍ മത്സരം സമനിലയായതോടെ ലീസ്റ്റര്‍ കിരീടം ഉറപ്പിച്ചിരുന്നു. കിരീടം ഉറപ്പിച്ചു കഴിഞ്ഞ ലീസ്റ്റര്‍ സ്വന്തം കാണികളുടെ മുന്നില്‍ കിരീടഭാരത്തിന്റെ യാതൊരു ആലസ്യവുമില്ലാത്തെ കളിച്ചു, ജയിച്ചു. രണ്ടു മത്സരങ്ങളിലെ വിലക്കിനുശേഷം തിരിച്ചെത്തിയ ജെയ്മി വാര്‍ഡി ഇരട്ട ഗോള്‍ നേടി.
5, 65 (പെനാല്‍റ്റി) മിനിറ്റുകളിലായിരുന്നു സൂപ്പര്‍ താരത്തിന്റെ ഗോളുകള്‍. ഹാട്രിക് നേടാനുള്ള അവസരം വാര്‍ഡി പെനാല്‍റ്റി നഷ്ടമാക്കി കളഞ്ഞുകുളിച്ചു. ആന്‍ഡി കിംഗ് (33) ആണ് മറ്റൊരു ഗോളിനുടമ. കെവിന്‍ മിറാലസ് (88) എവര്‍ട്ടന്റെ ആശ്വാസ ഗോള്‍ നേടി. പന്തടക്കത്തില്‍ എവര്‍ട്ടണാണ് മുന്നില്‍നിന്നതെങ്കിലും ഷോട്ടുകളും വല ലക്ഷ്യമാക്കി തൊടുത്ത ഷോട്ടുകളും കൂടുതല്‍ ലീസ്റ്ററിനായിരുന്നു. ലീസ്റ്റര്‍ സിറ്റി-എവര്‍ട്ടണ്‍ ക്ലബ്ബുകളുടെ നൂറാമത് ലീഗ് പോരാട്ടമായിരുന്നു. അതുകൊണ്ട് തന്നെ ഇരുക്ല ബ്ബും മത്സരം കൂടുതല്‍ ആഘോഷമാക്കി മാറ്റി.
ലീഗിലെ അവസാന ഹോം മത്സരത്തില്‍ ക്ലൗഡിയോ റെനിയേരിയുടെ ടീം വിജയത്തോടെ തന്നെ കിരീടം ഉയര്‍ത്താനായിട്ടാണ് ഇറങ്ങിയത്. ലീസ്റ്ററിന്റെ പതാകയും ലീഗ് കിരീടത്തിന്റെ മാതൃകളുമായെത്തിയ ലീസ്റ്റര്‍ ആരാധകര്‍ തങ്ങളുടെ താരങ്ങളുടെ ഓരോ നീക്കത്തിലും ആവേശപൂര്‍വം പങ്കുചേര്‍ന്നു. ലോകപ്രശസ്ത പുരുസ്വരാലാപനത്തിനുടമ ആന്‍ഡ്രിയ ബൊസിലിയുടെ നേതൃത്വത്തില്‍ റെനിയേരി കളത്തിലെത്തി. ചാമ്പ്യന്മാര്‍ക്ക് ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്‍കിയ എവര്‍ട്ടണ്‍ ആദ്യ ലീഡും നല്‍കി. അഞ്ചാം മിനിറ്റില്‍ വാര്‍ഡി, ആന്‍ഡി കിംഗിന്റെ ക്രോസില്‍ എവര്‍ട്ടന്റെ വല കുലുക്കി തിരിച്ചുവരവ് ഗംഭീരമാക്കി. 33-ാം മിനിറ്റില്‍ കിംഗ് ലീസ്റ്ററിന്റെ ലീഡ് ഉയര്‍ത്തി. ഇതോടെ കിംഗ് പവര്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞ ആരാധകര്‍ ആവേശഭരിതരായി.
65ാം മിനിറ്റില്‍ വാര്‍ഡി സ്‌പോട് കിക്കിലൂടെ മത്സരത്തിലെ രണ്ടാം ഗോളും ലീഗിലെ 24ാം ഗോള്‍ തികച്ചു. എവര്‍ട്ടന്റെ മാത്യു പെന്നിംഗ്ടണ്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വരുത്തിയ ഫൗളാണ് പെനാല്‍റ്റി കിക്കിനു കാരണമായത്. അധികം വൈകാതെതന്നെ ഗോള്‍ നേട്ടത്തില്‍ ഹാരി കെയ്‌നൊപ്പമെത്താനുള്ള അവസരവും ഹാട്രിക് തികയ്ക്കാനുള്ള അവസരവും പെനാല്‍റ്റി നഷ്ടമാക്കിക്കൊണ്ട് കൈവിട്ടു. വാര്‍ഡിയുടെ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. 88ാം മിനിറ്റില്‍ എവര്‍ട്ടണ്‍ കെവിന്‍ മിറാലസിന്റെ ഗോളില്‍ ആശ്വാസം കണെ്ടത്തി. ചെല്‍സിക്കെതിരെ മേയ് 16ന് നടക്കുന്ന മത്സരത്തിനുശേഷമാണ് ട്രോഫിയുമായി ലീസ്റ്ററിന്റെ മാര്‍ച്ച്.
ലീസ്റ്ററിന്റെ കടുത്ത ആരാധകര്‍ പോലും കരുതിയില്ല കുറുക്കന്മാരെന്ന് വിളിപ്പേരുള്ള ലീസ്റ്റര്‍ ലീഗ് ചാമ്പ്യന്മാരാകുമെന്ന്. തരംതാഴ്ത്തപ്പെടരുത് എന്നുമാത്രമായിരുന്നു ആരാധകരുടെ ആഗ്രഹം. 5000 പേരില്‍ ഒരാള്‍ മാത്രമേ ലീസ്റ്റര്‍ ചാമ്പ്യന്മാരാകുമെന്ന് പ്രതീക്ഷിച്ചുള്ളു. അവിടെനിന്നുമാണ് 2015-16 ലീഗ് സീസണില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി കപ്പുയര്‍ത്തിയത്. ഈ മുന്നേറ്റത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, ടോട്ടനം ടീമുകളെ തോല്‍പ്പിച്ചു.
മാഞ്ചസ്റ്റര്‍ സിറ്റിയെ എത്തിഹാദ് സ്റ്റേഡിയത്തില്‍ തകര്‍ത്തതും ഉള്‍പ്പെടുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ഹോം, എവേ പോരാട്ടങ്ങള്‍ സമനിലയാകുകയായിരുന്നു. ഒരു കളി കൂടി ബാക്കിയിരിക്കേ ഇതുവരെയുള്ള 37 കളിയില്‍ 23 ജയം 11 സമനില മൂന്നു തോല്‍വി എന്നിങ്ങനെയായിരുന്ന ലീസ്റ്ററിന്റെ കണക്കുകള്‍. ആദ്യം ലിവര്‍പൂളിനോടും (എവേ) രണ്ടു തവണ ആഴ്‌സണലിനോടും (ഹോം, എവേ) മാത്രമാണ് തോറ്റത്. അവസാനം തോറ്റത് ആഴ്‌സണിലിനോട് ഫെബ്രുവരി 14ന്.
അടുത്ത സീസണിലും താരങ്ങള്‍ ലീസ്റ്ററില്‍ തുടരണമെന്നു റെനിയേരി
ലീസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ ലീസ്റ്റര്‍ സിറ്റിയുടെ താരങ്ങളോട് അഭ്യര്‍ഥനയുമായി പരിശീലകന്‍ ക്ലൗഡിയോ റെനിയേരി. അടുത്ത സീസണിലും താരങ്ങളെല്ലാവരും ലീസ്റ്ററില്‍ത്തന്നെ തുടരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രീമിയര്‍ ലീഗിലെ വന്‍കിട ടീമുക—ളൊക്കെ വാര്‍ഡിയെയും മെഹ്‌റസിനെയുമൊക്കെ നോട്ടമിട്ടിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റെനിയേരിയുടെ പ്രസ്താവന. അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് റെനിയേരിയുടെ അടുത്ത ലക്ഷ്യം. അതിന് ഇപ്പോഴത്തെ ടീമംഗങ്ങളെല്ലാവരും തുടരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കരുതുന്നു.
ചെല്‍സി നാണംകെട്ടു
ആദ്യം ലീഡ് നേടിയശേഷം ചെല്‍സി തോറ്റു. സണ്ടര്‍ലാന്‍ഡിന്റെ സ്റ്റേഡിയം ഓഫ് ലൈറ്റില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് കഴിഞ്ഞ ലീഗ് സീസണിലെ ചാമ്പ്യന്മാര്‍ തോറ്റു. തോല്‍വിയെ ചെല്‍സി ഒമ്പതാം സ്ഥാനത്തായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ആദ്യമായാണ് മുന്‍ സീസണിലെ ചാമ്പ്യന്‍ ടീം അടുത്ത സീസണില്‍ പുറത്തെടുക്കുന്ന ഏറ്റവും മോശം പ്രകടനമാണിത്. ജയത്തോടെ സണ്ടര്‍ലാന്‍ഡ് തരംതാഴ്ത്തല്‍ ഭീഷണിയില്‍നിന്നു രക്ഷപ്പെട്ടു. പതിനേഴാം സ്ഥാനത്താണ് സണ്ടര്‍ലാന്‍ഡ്. ഡിയോഗോ കോസ്റ്റ (14), നെമാന്‍ജ മാറ്റിക് (45+3) എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍.
സണ്ടര്‍ലാന്‍ഡിനുവേണ്ടി വഹാബി ഖസ്രി (41), ഫാബിയോ ബൊറിനി (67), ജെര്‍മിയന്‍ ഡിഫോ (70) എന്നിവര്‍ ഗോള്‍ നേടി. ചെല്‍സി നായകന്‍ ജോണ്‍ ടെറി കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ ഇഞ്ചുറി ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡും വാങ്ങി പുറത്തുപോയി. അടുത്ത സീസണിലേക്കു ടെറിയുമായി ക്ലബ് കരാറിലായിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ക്ലബ്ബിനൊപ്പമുള്ള അവസാന മത്സരമാണെന്നു കരുതുന്നുണ്ട്. പുറത്താക്കല്‍ ഭീഷണി ഉറ്റുനോക്കുകയായിരുന്ന സണ്ടര്‍ലാന്‍ഡ് നല്ല രീതിയില്‍ തുടങ്ങി. എന്നാല്‍, പതിന്നാലാം മിനിറ്റില്‍ കോസ്റ്റ ചെല്‍സിക്കു ലീഡ് നല്‍കി.
ഇതിനുശേഷം സണ്ടര്‍ലാന്‍ഡ് തുടര്‍ച്ചയായി ചെല്‍സി ഗോള്‍കീപ്പര്‍ ടൈബൗട് കോര്‍ടിസിനെ പരീക്ഷിച്ചു. 41ാം മിനിറ്റില്‍ ഖസ്രി സണ്ടര്‍ലാന്‍ഡിനു സമനില നല്‍കി. ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ മാറ്റിക് ചെല്‍സിയുടെ ലീഡ് ഉയര്‍ത്തി. ഈ ലീഡുമായി ചെല്‍സി മുന്നോട്ടുപോകുമെന്ന് തോന്നിച്ച അവസരത്തില്‍ അവരുടെ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് ആതിഥേയര്‍ക്ക് 67-ാം മിനിറ്റില്‍ ബൊറിനി സമനില നല്‍കി. മൂന്നു മിനിറ്റു കൂടിയായപ്പോള്‍ ഡിഫോ സണ്ടര്‍ലാന്‍ഡിന്റെ വിജയഗോള്‍ നീലക്കുപ്പായക്കാരുടെ വല കുലുക്കി.
മറ്റു മത്സരങ്ങളില്‍ സ്വാന്‍സി സിറ്റി ഒന്നിനെതിരേ നാലു ഗോളിനു വെസ്റ്റ്ഹാം യുണൈറ്റഡിനെയും സതാംപ്ടണ്‍ ടോട്ടനത്തെ 2-1നും തോല്‍പ്പിച്ചു. ഈ തോല്‍വി വെസ്റ്റ് ഹാമിന്റെ യൂറോപ്യന്‍ പ്രതീക്ഷകളെയാണ് മുറിവേല്‍പ്പിച്ചത്. സ്വാന്‍സിക്കുവേണ്ടി വെയ്ന്‍ റൂട്ട്‌ലെഡ്ജ് (25), ആന്‍ന്ദ്രെ അയേവ് (31), കി സുംഗ് യൂംഗ് (51), ബഫേറ്റിംബി ഗോമിസ് (90+3) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ വെസ്റ്റ്ഹാമിന് ആശ്വാസമായത് സ്റ്റീഫന്‍ കിംഗ്‌സ് ലി (68)യുടെ സെല്‍ഫ് ഗോളായിരുന്നു. വെസ്റ്റ്ഹാം ആറാമതും സ്വാന്‍സി പതിനൊന്നാം സ്ഥാനത്തുമാണ്.